മടക്കിവെച്ച പൂപ്പല്‍ മണമുള്ള നേരിയത് മുഖത്തോടമര്‍ത്തിപ്പിടിച്ചയാള്‍ ആ ഗന്ധം ഉള്ളിലേക്കാവാഹിക്കാനെന്നപോലെ ശ്വാസം ആഞ്ഞുവലിച്ചു. അയാള്‍ക്ക് അവളെ വീണ്ടും കാണണമെന്നും, തന്റെ സ്വകാര്യദുഃഖങ്ങള്‍ അവളുടെ നെഞ്ചില്‍ ഇറക്കിവെക്കണമെന്നും തോന്നി. എന്നാല്‍ അതൊരിക്കലും നടക്കാത്ത ഒരാഗ്രഹമായി അയാളുടെ ഉള്ളില്‍ തന്നെ ജനിച്ചു മരിച്ചു. ഒരു അഭിസാരികയ്ക്ക് ജീവിതം കൊടുക്കുന്നു എന്ന പേരില്‍ പ്രത്യാശയുടെ ഒരു വലിയ വാതായനം തുറന്നു നല്‍കി അവസാനം ആ ജീവിതത്തെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട അയാള്‍ അതില്‍ കൂടുതല്‍ ഒന്നും അര്‍ഹിക്കുന്നുണ്ടായിരുന്നില്ല. മനുഷ്യന്‍ എപ്പോഴും ഭീരുവാണ്, സ്വന്തം തത്വങ്ങളെ അവന്‍ നിലനില്‍പ്പിന് വേണ്ടി ഏത് രീതിയിലും വളച്ചൊടിക്കുന്നു. അയാള്‍ ഒരേ സമയം തന്റെ മനസിനോട് കലഹിക്കുകയും, ന്യായീകരിക്കുകയും ചെയ്തു കൊണ്ടിരുന്നു.
പ്രത്യക്ഷത്തില്‍ അയാളൊരു പുരോഗമനവാദിയും, ഉള്ളിന്റെയുള്ളില്‍ തികഞ്ഞ യാഥാസ്ഥിതികനുമായിരുന്നു. അതുക്കൊണ്ട് തന്നെ മേധാവിത്വ മനോഭാവം അയാളില്‍ ഭദ്രമായിരുന്നു. ഹാസ്യചിത്രകാരനായ അയാളുടെ വിരലുകള്‍ ജീവിതത്തിന്റെ വര്‍ണ്ണനകളെ നര്‍മ്മത്തിന്റെ നൂലിഴകളൊരുക്കി ഗംഭീരമാക്കി. അത്രത്തോളം നര്‍മ്മത്തിന് ഒരു ജീവിതത്തിലും സ്ഥാനമില്ലെന്നത് അയാളുടെ വരകളെ ചിലപ്പോഴെങ്കിലും സമ്മര്‍ദ്ദത്തിലാക്കി. ആ സമ്മര്‍ദ്ദമൊക്കെയും ഏതൊക്കെയോ പെണ്‍ശരീരങ്ങള്‍ മരവിപ്പോടെ ഏറ്റുവാങ്ങി. സോനാഗച്ചി പോലെ, കാമാത്തിപുര പോലെ ഒരിടം എന്ത്‌കൊണ്ട് കേരളത്തിലില്ലെന്ന് അയാള്‍ക്ക് നിരാശ തോന്നി. ഒരുവേള അങ്ങനെ ഒന്നാഗ്രഹിക്കുന്നവരുടെ പ്രതിനിധിയാണ് താനെന്ന്, സ്വന്തം ഇഷ്ടങ്ങളെ അതേപടി പ്രതിഫലിപ്പിക്കുന്ന ഒരു മികച്ച പുരോഗമന വക്താവാണ് താനെന്ന് സ്വയം ഊറ്റം കൊണ്ടു.
ജനനി! അതായിരുന്നു അവളുടെ പേര്, അവളെ അയാള്‍ ആദ്യം കാണുന്നത് ഒരു ലോഡ്ജ് മുറിയില്‍ വെച്ചാണ്. തന്റെ നിരാശ ഇറക്കി വെക്കാന്‍ ഒരു പെണ്ണുടല്‍ അപ്പോള്‍ അയാള്‍ക്ക് ആവശ്യമായിരുന്നു. പുരുഷനെന്ന ധാര്‍ഷ്ട്യ മനോഭാവം അയാളിലെപ്പോഴും നിക്ഷിപ്തമായിരുന്നു. പുരോഗമനവാദത്തിന്റെ പിന്നാമ്പുറങ്ങളില്‍ അയാളെപ്പോഴും എന്തിനും ഏതിനും പെണ്ണുടല്‍ തിരഞ്ഞു. അയാളുടെ ജീവിതത്തില്‍ വന്നിറങ്ങിപ്പോയ സ്ത്രീകളുടെയെല്ലാം ചുണ്ടിന്റെ കോണില്‍ വിരിഞ്ഞ പുച്ഛം കലര്‍ന്ന ചിരികളെയെല്ലാം ചിലപ്പോഴെങ്കിലും നേരിടാന്‍ തന്റെ പുരോഗമനവാദം പോരെന്ന് അയാള്‍ക്ക് തോന്നിയിട്ടുണ്ട്. ഒരിക്കല്‍ പോലും താനര്‍ഹിക്കുന്ന ഒരു ആരാധന അവരുടെ കണ്ണുകളില്‍ അയാള്‍ക്ക് കണ്ടെത്തനായില്ല. അപ്പോഴൊക്കെയും അതിനെയെല്ലാം നിസ്സംഗതയോടെ സിഗരറ്റിനൊപ്പം പുകച്ചു തള്ളി അയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിന്റെ പ്രതിബിംബമെന്നോണം അയാളുടെ വരകളില്‍ പെണ്ണിന്റെ മൂടും, മുലയും അനിയന്ത്രിതമായ വലുപ്പത്തോടെ മുഴച്ചു നിന്നു.
