ചില സമയങ്ങളില്‍ ആളുകളോട് സംസാരിക്കുന്നത് അങ്ങേയറ്റം അരോചകമാണ്. മറ്റുള്ള നേരങ്ങളില്‍ വളരെ വേദനാജനകവും. ഒട്ടുമിക്കപ്പോഴും കരച്ചില്‍ അടക്കാന്‍ ഞാന്‍ ഏറെ പാടുപെടും. ആളുകള്‍ മുറിവിട്ടശേഷം പലപ്പോഴും വാവിട്ടുകരയാന്‍ തോന്നാറുണ്ട്. അപ്പോഴേക്കും അടുത്ത ആളുകള്‍ വരും. വീണ്ടും പല പല പ്രശ്‌നങ്ങള്‍, പലവിധ പരിഹാരങ്ങള്‍..
Couple Therapy എടുക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. എന്നാല്‍ അന്നുമുതല്‍ മനസ്സിലായത് ദാമ്പത്യം ക്ലേശകരമാകാന്‍ അധികം കാരണങ്ങളൊന്നും വേണ്ട. കാപ്പി തണുത്ത് പോകുന്നത് മുതല്‍ പാലുറഞ്ഞു പോകുന്നത് വരെ രൂക്ഷമായ പ്രശ്‌നമാവുന്ന, ദമ്പതികള്‍ ഉണ്ട്. ആരുടെയും പ്രശ്‌നങ്ങള്‍ നിസ്സാരമല്ല, എല്ലാം പറഞ്ഞും കേട്ടും കഴിയുമ്പോള്‍ ഞാന്‍ പലപ്പോഴും വിയര്‍ക്കാറുണ്ട്, ഉള്ളില്‍ ഭയക്കാറുണ്ട്.
ഇന്നു രാവിലെ ചെറുപ്പക്കാരായ ഒരു ദമ്പതികളുടെ couple counselling ആണുള്ളത്, രണ്ടുപേരും കൃത്യസമയത്തു വന്നു പുറത്തിരിക്കുന്നു. ഞാനവരെ അകത്തേക്കു വിളിച്ചു, എന്റെ മുഖത്തു ഞാനൊരു ചെറിയ പുഞ്ചിരി വരുത്തി. വളരെ സുമുഖനായ ഒരു ചെറുപ്പക്കാരന്‍, വെട്ടി ഒതുക്കിയ മീശ പിന്നെ അതിന് അലങ്കാരമെന്ന പോലെ പിറകിലോട്ട് ചീകി വച്ചിരിക്കുന്ന കറുത്ത നീളന്‍ മുടി. ഇളം നീല നിറത്തിലുള്ള ഷര്‍ട്ട് അയാള്‍ ടക്ക് ഇന്‍ ചെയ്തു വച്ചിരിക്കുന്നു. ഷര്‍ട്ടിലെ മടക്കുകള്‍ കണ്ടപ്പോള്‍ മനസ്സിലായി പുതിയ ഷര്‍ട്ട് ആണു ധരിച്ചിരിക്കുന്നതെന്ന്, തലവേദന തരുന്ന പെര്‍ഫ്യൂം അയാളുടെ കൂടെ മുറിയിലേക്കും പറന്നു.
