എന്റെ പേര് എഡ്വിന്‍, എഡ്വിന്‍ തോമസ്. നാല്‍പ്പത്തിയൊന്ന് വയസ്സ് തുടക്കത്തില്‍ അമേരിക്കയില്‍ പി.എച്ച്.ഡി പഠനത്തിനായി വന്നതാണ് എന്റെ ഡാഡി, പിന്നെ ഇവിടെ തന്നെ നഴ്‌സിംഗ് സ്റ്റുഡന്റ് ആയിരുന്ന മുറി മലയാളം മാത്രം അറിയാവുന്ന എന്റെ അമ്മച്ചി, തെരേസയെ കല്യാണം കഴിച്ചു. അമ്മച്ചിക്ക് കൂടുതല്‍ ശമ്പളം ഉണ്ടായതു കൊണ്ടോ, അമേരിക്കന്‍ ഡ്രീംസ് മോഹിപ്പിച്ചതു കൊണ്ടോ എന്നറിയില്ല ഡാഡി ഇവിടെ തന്നെ കൂടി. ആദ്യം വന്നത് ചേച്ചി ആയിരുന്നു, പിന്നാലെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാനും എത്തി. ഈ പറയാന്‍ പോവുന്നത് എന്റെ ജീവചരിത്രം ഒന്നും അല്ല കേട്ടോ.... ഒരു സമയത്ത് ഞങ്ങള്‍ക്ക് എല്ലാം വേണ്ടപ്പെട്ട ഒരാളെ പറ്റിയാണ്. എന്റെയും ചേച്ചിയുടെയും ഒക്കെ കുട്ടിക്കാലത്തെ കുറച്ച് വര്‍ഷങ്ങള്‍ മനോഹരമാക്കിയ ഒരു നായക്കുട്ടിയുടെ, ഞങ്ങളുടെ 'ഓറിയോ'യുടെ ഓര്‍മ്മകളിലൂടെ ഒരു യാത്ര!
1996-ല് അമേരിക്കന്‍ ഹോളിവുഡ് ചിത്രമായ, 101 ഡാല്‍മേഷന്‍സ് പുറത്തിറങ്ങി. ചിത്രം വന്‍ വിജയം നേടുകയും അതിന് പിന്നാലെ ഡാല്‍മേഷന്‍സ് നായകള്‍ക്ക് ലോകമെമ്പാടും പ്രസിദ്ധി വര്‍ദ്ധിക്കുകയും ചെയ്തു. ഓരോ വീടുകളും ഡാല്‍മേഷന്‍ നായ്ക്കുട്ടികള്‍ക്ക് വേണ്ടി പട്ടികൂടുകള്‍ ഒരുങ്ങി. നീണ്ടു മെലിഞ്ഞ്, ദേഹത്ത് കറുപ്പ് പുള്ളികള്‍ നിറഞ്ഞ ഈ ശ്വാനന്മാര്‍ ഒരു കാലഘട്ടത്തിന്റെ അടയാളമാണ്.
അങ്ങനെ ഞങ്ങളും ആ വിന്ററില്‍ തന്നെ ചിത്രം കാണുകയുണ്ടായി. പടത്തിന്റെ കഥയോ കാഴ്ചകളോ ഒന്നും അല്ല അതിലെ കുട്ടി കുറുമ്പന്മാരായ വെളുപ്പും കറുപ്പും കലര്‍ന്ന ഡാല്‍മേഷന്‍ എന്ന നായയോട് എനിക്കും ചേച്ചിക്കും വല്ലാത്ത ആകര്‍ഷണം തോന്നി. എല്ലായിടത്തും ചര്‍ച്ച ഈ നായക്കുട്ടികള്‍ തന്നെ. എന്റെ സ്‌കൂളിലെ റിച്ചാര്‍ഡ് ആണ് ആദ്യം ഒരെണ്ണം വാങ്ങിയത്. അതിന്റെ കൂടെ ഉള്ള പോളറോയിഡ് ഫോട്ടോകള്‍ എടുത്ത് ക്ലാസ്സില്‍ വന്ന് ഗമ കാണിക്കല്‍ ആയിരുന്നു അവന്റെ പ്രാധാന ഹോബി.
