വിണ്ടുകീറിയ പാടം പോലെയായിരുന്നു പിയറിയുടെ ശരീരം. ഒരിറ്റു ജലത്തിനുവേണ്ടി അയാളുടെ ഓരോ കോശവും പിടഞ്ഞു. വരണ്ടുണങ്ങിയ തൊണ്ടയില്‍ തീക്കാറ്റ് വീശിയടിച്ചു. ഇരുട്ടും വെളിച്ചവും തിരിച്ചറിയാനാകാതെ കണ്ണുകള്‍ ഇടക്കിടെ ചിമ്മിത്തുറന്നുകൊണ്ടിരുന്നു. ഇരമ്പുന്ന കടലൊച്ചകള്‍ ഒരു പ്രലോഭനംപോലെ അയാളെ വിളിച്ചുണര്‍ത്തിക്കൊണ്ടിരുന്നു. പക്ഷേ അയാള്‍ക്കനങ്ങാനാകുമായിരുന്നില്ല. അയാളുടെ പ്രിയപ്പെട്ട, അയാളെക്കാള്‍ അയാള്‍ക്ക് പ്രിയപ്പെട്ട നായ, ലൂയിസ് അയാളുടെ നെഞ്ചില്‍ തളര്‍ന്നുകിടന്നു.
ഡീഗോഗാര്‍ഷ്യയിലെ അവസാനത്തെ ചഗോസിയനായിരുന്നു പിയറി. മനുഷ്യനല്ലാത്ത അവസാനത്തെ ജീവിയായിരുന്നു ലൂയിസ്.
പട്ടാളജീപ്പുകള്‍ വേഗത്തില്‍ പാഞ്ഞുപോകുന്നതിന്റെ ഇരമ്പലുകള്‍ കടല്‍ത്തിരകള്‍ക്കും മേലേ ഉയര്‍ന്നുകേള്‍ക്കാം. ദുര്‍ബ്ബലമായ കൈകള്‍ നിലത്തുകുത്തി പിയറി എഴുന്നേല്‍ക്കാനൊരു വിഫലശ്രമം നടത്തി. കഴിയുന്നില്ല. ശരീരം ചലിച്ചപ്പോള്‍ ലൂയിസ് ചെറുതായൊന്നു മുരണ്ടു. പിന്നെ മുഖം പിയറിയുടെ മുഖത്തോട് ചേര്‍ത്ത് നശ്ശബ്ദനായി കിടന്നു.
ഭക്ഷണം കഴിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. വിശപ്പ് സഹിക്കാം. പക്ഷേ ദാഹം ഞരമ്പുകളെ വലിച്ചുമുറുക്കി പൊട്ടിക്കുന്നു. ഉച്ഛ്വാസവായു നീരാവിപോലെ പുറത്തേക്ക് വരുന്നത് അയാള്‍ ശ്രദ്ധിച്ചു.
