പാലക്കാടിനേയും പട്ടിക്കാടിനേയും വേര്‍തിരിക്കുന്ന റോഡിലെത്തിയപ്പോള്‍ അയാളൊന്നു സംശയിച്ചു. ഇതുതന്നെയല്ലേ വഴി. ഒപ്പം വലത്തോട്ടു തിരിയുന്ന പീച്ചി ഡാം റോഡ് കണ്ടപ്പോള്‍ സമാധാനമായി. കൊച്ചിയില്‍ നിന്ന് എപ്പോള്‍ യാത്ര തുടങ്ങിയതാണ്. ഇതുവരെ എത്തിയിട്ടില്ല. ഇനി കുറച്ചു ദൂരം കൂടി യാത്ര ചെയ്യണം അയാള്‍ സീറ്റില്‍ ഇളകിയിരുന്നു ബസിലെ യാത്രക്കാര്‍ ഓരോന്നായി ലക്ഷ്യസ്ഥാനങ്ങളിലേക്കിറങ്ങിപ്പോകുന്നു. അങ്ങനെയിരിക്കെ എന്തൊക്കെയോ അയാളുടെ മനസ്സിലേക്ക് തികട്ടി വന്നു.
ഇരമ്പി പാഞ്ഞു വരുന്ന ഒരു ലോറി. ചുവന്ന ബ്ലൗസും ധരിച്ച് ചന്ദ്രേട്ടന്റെ കൈയ്യും പിടിച്ച് സുലോചനചേച്ചി. കൂട്ടം കൂട്ടമായി സഖാക്കള്‍ ലോറിയില്‍ കയറുന്നു.
'ഇന്ന് ജാഥയുണ്ടെന്ന് തോന്നുന്നു. രണ്ടാളും നല്ല ഉഷാറിലാണല്ലോ....', ദാമോദരേട്ടന്റെ ചായക്കടയ്ക്ക് മുന്നിലിരുന്ന് ബീഡി തെറുക്കുന്ന വാസ്വേട്ടന്‍ മുന്‍നിരയിലെ തേഞ്ഞ പല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു.
