ക്രോമസോമിയം

Readers Ink

ക്രോമസോമിയം


1

വീരാജ്പേട്ടയിൽ ഇറങ്ങി സിദ്ധാപുരത്തേക്കുള്ള ബസ്സിൽ കയറിയാൽ അമ്മത്തിയിൽ ഇറങ്ങാം. അവിടെ നിന്ന് കുറച്ച് ദൂരം നടക്കണമെന്നാണ് വിളിച്ചപ്പോൾ സുധീപ് പറഞ്ഞത്. കുടകിലേക്ക് കയറിയിട്ട് കൊല്ലങ്ങളായി.

തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ നിന്നും മൈസൂരിലേക്ക് പോകുന്ന ആനവണ്ടിയിൽ കയറി സൈഡ് സീറ്റിൽ ഇരുന്നു. ബസ്സ് പുറപ്പെടാൻ ഇനിയും നേരമുണ്ട് ഒന്നു പുകക്കാൻ തോന്നി. എത്രപെട്ടെന്നാണ് പുകവലിയൊക്കെ ഭീകര കുറ്റകൃത്യമായി മാറിയത്. പണ്ടൊക്കെ ബസ്സിൽ കയറി സ്വസ്ഥമായി ഇരുന്നാൽ ഉടൻ ചെയ്യുന്നത്  ബീഡി കത്തിച്ച് നന്നായി എരിയിച്ച് പുക അകത്തേക്ക് വലിച്ച് മെല്ലെ മൂക്കിലൂടെയും വായിലൂടെയും പുറത്തുവിട്ട് സുഖം കൊള്ളും.

"പുകവലി പാടില്ല" എന്ന ബസ്സെഴുത്ത് നോക്കി ചിരിക്കുമെങ്കിലും ബീഡിയുടെ അറ്റം വരെ വലിച്ചു കഴിഞ്ഞ്, കുറ്റി ബസ്സിന് പുറത്തേക്ക് എറിഞ്ഞ നമ്മളൊക്കെ എത്രവേഗമാണ് വലിയ മാന്യന്മാരും സംസ്കാരമുള്ളവരുമൊക്കെ ആയത്. പോലീസ് പിടിക്കുന്ന പേടി കൊണ്ടു തന്നെയാ, മെല്ലെമെല്ലെ അരിച്ചിറക്കി പ്രചരിപ്പിക്കുന്ന പേടി പകരം വെക്കാനില്ലാത്ത ആയുധമാണ്.


Related Articles