ചിക്കു ഷേക്ക്

Readers Ink

ചിക്കു ഷേക്ക്


നേര്‍ത്ത സ്വര്‍ണ്ണ നിറമുള്ള മഞ്ഞുമല. അതിനു മുകളില്‍ ഏത് നിമിഷവും മുങ്ങിത്താഴുമെന്ന അവസ്ഥയില്‍ ഗന്ധവന്മാര്‍ വിതറിയ വെണ്ണക്കല്ലുകള്‍ പോലെ അണ്ടിപ്പരിപ്പ്. മഞ്ഞുമല അലിഞ്ഞ് വെണ്ണക്കല്ലുകള്‍ അഗാധതയിലേക്ക് പതിക്കും മുമ്പ് ജുമിയത് കോരിയെടുത്തു. സ്പൂണില്‍ നിന്ന് നാവിലെത്തിയപ്പോള്‍ അവള്‍ കണ്ണുകളടച്ചു. ഉമിനീരില്‍ ആദ്യം ചിക്കു ഷേക്ക് അലിഞ്ഞു ചേര്‍ന്നു, വെണ്ണക്കല്ലുകള്‍ അരഞ്ഞും കൂട്ടു ചെന്നു.

പാലക്കാട് പട്ടണത്തില്‍ ജോലിക്കെത്തിയപ്പോള്‍ ആദ്യ നാള്‍ രുചിച്ച് തുടങ്ങിയതാണ് ഈ ചിക്കു ഷേക്ക്. ഋതുക്കള്‍ പലതും മാറി വന്നു, വന്നവ തന്നെ വീണ്ടും വന്നു. എന്നിട്ടും ഈ രുചിയോട് അടങ്ങാത്തൊരു പ്രണയമാണിന്നും. പട്ടണത്തിന്റെ വിശാലതയില്ലെങ്കിലും സ്വന്തം നാടായ കാഞ്ഞിരമുക്കിലും ജ്യൂസ് കടകള്‍ പലതുണ്ട്. അവിടെ നിന്നെല്ലാം ഒരിക്കല്‍ മാത്രമേ രുചിച്ചിട്ടുള്ളൂ. പക്ഷേ, പാലക്കാട്ട്, ബസിറങ്ങിയാല്‍ മുന്നില്‍ കാണുന്ന വിരലിലെണ്ണാവുന്ന ഇരിപ്പിടങ്ങള്‍ മാത്രമുള്ള ആ കടയില്‍ നിന്ന് രുചിക്കാന്‍ തുടങ്ങിയ കാലത്തിന് ജുമിയുടെ തൊഴില്‍ പരിചയത്തോളം പഴക്കമുണ്ട്.

പലനിറത്തിലുള്ള തൂക്കിയിട്ട ഉരുളക്കിഴങ്ങ് ചിപ്‌സുകളുടെ പാക്കറ്റുകള്‍ക്കിടയിലൂടെ അയാളുടെ മുഖം ദൂരെ നിന്ന് തന്നെ അവള്‍ തേടും. അവളെ കാണുമ്പോള്‍ തന്നെ അയാള്‍ പണി തുടങ്ങും. ഒന്നുകില്‍ മിക്‌സിയുടെ മുരള്‍ച്ച, അല്ലെങ്കില്‍ ശീതീകരിച്ച് ഉറച്ചുപോയ പാല്‍പാക്കറ്റ് മരക്കട്ട കൊണ്ട് അടിച്ചുടയ്ക്കുന്ന ശബ്ദമാണ് അവളെ അങ്ങോട്ട് വരവേല്‍ക്കുക. അപൂര്‍വ്വമായി മാത്രം 'ഇരിക്ക്‌ട്ടോളിന്‍, ഇതൊന്നു കൊടുത്തു തീര്‍ക്കട്ടെ..' എന്ന് പറഞ്ഞുകൊണ്ട് അയാള്‍ അവള്‍ക്ക് സ്വാഗതമോതും. അപ്പോള്‍ അയാള്‍ കടയ്ക്ക് മുന്നില്‍ നിരത്തി വെച്ച വിവിധ പഴങ്ങള്‍ തൂക്കി നല്‍കുന്ന തിരക്കിലായിരിക്കും.


Related Articles