കാലങ്ങള്‍ക്കു മുന്‍പ്, കോവിഡിനും വെള്ളപ്പൊക്കത്തിനും മുന്‍പ്.. ചുരുക്കിപ്പറഞ്ഞാല്‍ 1996 ഏപ്രില്‍ മാസത്തിലെ ഒരു ദിവസം.
എന്റെ തറവാട്ടില്‍ ഒരു മഹാ സംഭവം നടന്നു. ഉപ്പാപ്പാടെ ചെരിപ്പ് കാണാതെ പോയി. തലേദിവസം തിമിര്‍ത്താടിയ കാറ്റില്‍ പിടിവിട്ട് താഴെ വീഴേണ്ടിവന്ന പഴമാങ്ങകള്‍ പെറുക്കി പേരക്കുട്ടികള്‍ക്ക് കണിയായി വരാന്തയിലെ തിണ്ണയില്‍ നിരത്തി വയ്ക്കുന്നത് അദ്ദേഹത്തിന് ഒരു വിനോദമായിരുന്നു.
അന്ന് ഏഴര വെളുപ്പിനെ തൊടിയിലേക്ക് ഇറങ്ങാന്‍ പടിയിലേക്ക് നോക്കിയപ്പോള്‍ ചെരിപ്പില്ല. ഉപ്പാപ്പാടെ ഉച്ചത്തിലുള്ള വിളി കേട്ട് വീടൊന്നു കുലുങ്ങി. നിമിഷങ്ങള്‍ കൊണ്ട് തറവാട്ടിലെ തൊട്ടിലില്‍ കിടന്ന കുഞ്ഞു മുതല്‍ വെറ്റില ചവച്ചുകൊണ്ടിരുന്ന ഉമ്മൂമ്മവരെ വരാന്തയില്‍ ഹാജര്‍. കൂടെ അവിടുത്തെ മാര്‍ജാര പ്രമുഖരും. പ്രശ്‌നം ഗുരുതരമായതിനാല്‍ നാല്പതു പേരും നാനാ ദിക്കിലേക്കും പാഞ്ഞു.
മച്ചിന്റെ മുകളില്‍ എലിയോട് ചോദിക്കുന്നു ചിലര്‍, ചെരിപ്പിടാതെ കറ്റ മെതിക്കുന്ന പെണ്ണുങ്ങളോട് ചോദിക്കുന്നു ചിലര്‍, കാടി കുടിച്ചു കൊണ്ട് നിന്നിരുന്ന കിടാവിനെ മാറ്റി നിര്‍ത്തി കാടി വെള്ളത്തില്‍ കൈയിട്ട് നോക്കുന്നു മറ്റു ചിലര്‍. ഞാനും നോക്കി കട്ടിലിന്റെ ചുവട്ടിലും, കുളത്തിന്റെ കരയിലും.
