ചങ്ങലക്കണ്ണികള്‍

Readers Ink

ചങ്ങലക്കണ്ണികള്‍


'കണ്ണികള്‍ പരസ്പരം ചേര്‍ക്കപ്പെടേണ്ടവയാണ്. ഒറ്റപ്പെടുമ്പോള്‍ അവയ്ക്ക് നിലനില്‍പ്പില്ല. ബന്ധിക്കപ്പെട്ടു കഴിഞ്ഞാലോ അവരുണ്ടാക്കി തീര്‍ക്കുന്നത് വളയങ്ങള്‍ മാത്രം. എല്ലാം തുടങ്ങിയിടത്ത് തന്നെ ചെന്നെത്തുമെന്ന് സാരം.'

മുന്‍പ് പല വട്ടം വന്നിട്ടുണ്ടെങ്കിലും യാത്ര ഇത്ര ക്ലേശകരമായി അനുഭവപ്പെട്ടിട്ടില്ല; സത്യ ഓര്‍ത്തു. ശാന്തിനഗര്‍ കോളനിയെന്ന് രേഖപ്പെടുത്തിയ ബോര്‍ഡിന് ഓരം പറ്റി നിന്നാ നാഗരികര്‍ ഇരുവരും പ്രാകൃത മനുഷ്യ സംസ്‌കാരത്തെ ഓര്‍മപ്പെടുത്തുന്ന കാഴ്ചകള്‍ ഏറെ നേരം നോക്കി നിന്നു. ഏക്കറുകണക്കിന് പരന്നുകിടന്ന പ്രദേശം. ഒന്നിടവിട്ട് കുടിലുകെട്ടി തിങ്ങിവിങ്ങി പാര്‍ക്കുന്ന ദിവസവേതനക്കാര്‍. അതില്‍ ബഹുപൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികള്‍. അതിര് കല്പിക്കാത്ത ഭൂമി വാഗ്വാദങ്ങളില്ലാതെ ആ സമുദായം പങ്കിട്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ സത്യ ഇന്‍ ചെയ്ത വൈറ്റ് ഷര്‍ട്ട് യുക്തിപൂര്‍വ്വം പുറത്തേക്കിട്ടു. നനഞ്ഞ് പൂപ്പല് പിടിച്ച പാതയിലവശേഷിച്ച സാമാന്യം ഉയര്‍ന്ന പ്രതലങ്ങളില്‍ ഷൂസിട്ട കാലടികള്‍ വച്ചയാള്‍ മുന്നോട്ട് നടന്നു. പുറകെ അയാളെ അനുഗമിച്ച് ഗോവിന്ദും. ചുറ്റിലും തെളിഞ്ഞും മറഞ്ഞും നിന്ന കണ്ണുകള്‍ ചൂഴ്ന്നു നോക്കാന്‍ തുടങ്ങിയ നേരം സത്യ, കൂളിംഗ് ഗ്ലാസൂരി കൈയില്‍ പിടിച്ചു. അടുക്കള ഭാഗത്തെ ജനലഴികളില്‍ മുഖം ചേര്‍ത്ത് വച്ച് നിത്യപരിചയത്തില്‍പ്പെടാത്തൊന്നിനെ അശ്രാന്തം വീക്ഷിക്കുന്ന പെണ്ണുങ്ങള്‍ പരസ്പരം കുശലം പറച്ചില് തുടങ്ങി. വഴിയരികില്‍ വെളിക്കിരിക്കുന്ന കുരുന്ന് പിള്ളേര്. കുടിവെള്ളത്തിന് വേണ്ടി അരക്കെട്ടില്‍ കുടം ചേര്‍ത്ത് വച്ച് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാര്‍. ഉടുതുണിയില്ലാതെ പരക്കം പായുന്ന പീക്കിരികള്‍.


Related Articles