രാത്രി വൈകി വീട്ടിലെത്തിയ മോനച്ചന്‍, മോനമ്മയോട് കുടിക്കാന്‍ ഇത്തിരി വെള്ളം ആവശ്യപ്പെട്ടു. തന്റെ പ്രിയ പുത്രന്‍ ഒന്നാം ക്‌ളാസ്സുകാരന്‍ മോനു അവിടെ പഠിക്കുന്നുണ്ടായിരുന്നു. അതിലേക്കൊന്നും ശ്രദ്ധ തിരിക്കാതെ മോനച്ചന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. മോനമ്മ വെള്ളവുമായി വന്നപ്പോള്‍ എന്താണയാള്‍ ഒറ്റക്ക് സംസാരിച്ചു കൊണ്ടിരിക്കുന്നതെന്നു ചോദിച്ചു. ഒന്നുമില്ല, എന്നായിരുന്നു എന്നത്തേയും പോലെ മറുപടി.
നേര്‍ക്ക് നേരെ ഇരുപ്പുറപ്പിച്ച മോനമ്മ, അന്നത്തെ പരാതി പെട്ടി തുറന്ന് ഓരോന്നായി പുറത്തെടുത്ത് ഇഴ കീറി പരിശോധിച്ചു. ഗവേഷക വിദ്യാര്‍ത്ഥിയുടെ പുതിയ കുപ്പായമണിഞ്ഞ തന്റെ പ്രിയതമന്‍ മുമ്പുള്ളപോലെ ഗൃഹകാര്യങ്ങളില്‍ തീരെ ശ്രദ്ധ കൊടുക്കാറില്ല എന്നവര്‍ നിസ്സംശയം അഭിപ്രായപ്പെട്ടു. മോനച്ചന് ഈയൊരു പ്രസ്താവന നീരസമുളവാക്കിയെങ്കിലും തന്റെ ബാക്കി വിഷമതക്കുള്ളില്‍ മോനച്ചന്‍ അതും ഒതുക്കി. ഇനി അടുത്ത ഊഴം മോനുവിന്റേതാണ്.
തൊട്ടപ്പുറത്ത് പഠിച്ചുകൊണ്ടിരുന്ന മോനു മോനച്ചന്റെ നേര്‍ക്ക് ചെന്നു. അന്നത്തെ ക്ലാസ്സിലെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങുമ്പോഴേക്കും മോനച്ചന്‍ പ്രസ്താവന ഇറക്കി: നിര്‍ത്താറായില്ലേ നിന്റെ ഈ കുട്ടിക്കളി. മോനച്ചന്‍ മോനമ്മ എന്ന ഈ പേര് ഇവര്‍ക്ക് ലഭിക്കുന്നത് തന്നെ മോനു ജനിച്ചതിനു ശേഷം ആണ്. ഒന്നാം തരം പഠിക്കുന്ന കൊച്ചു കുഞ്ഞിനോട് ഇങ്ങനെ ഒന്നും പെരുമാറരുത് എന്ന് മോനമ്മ പറഞ്ഞു.
