ഈറ്റക്കുന്നിന് താഴെയുള്ള അടക്കാത്തോട്ടം കടക്കുന്നത് വരെയും അയ്യപ്പന് ഞങ്ങളോടാരോടും കാര്യം പറഞ്ഞില്ല. വളരെ രഹസ്യമായ എന്തോ ഒന്ന് കാണിച്ചു തരാം എന്ന് പറഞ്ഞാണ് കളിയിടത്തില്‍ നിന്നും അവന് ഇറങ്ങിത്തിരിച്ചത്. പയങ്ങാപ്പാടാന് വീട്ടിലെ മുറ്റം കടന്നപ്പോള്‍ കുഞ്ഞൂട്ടന് അവനെ തടഞ്ഞുനിര്‍ത്തി കാര്യം തിരക്കി എങ്കിലും അയ്യപ്പന് അവനെ കൂട്ടാക്കിയില്ല.
നടന്നു നടന്നു ഞങ്ങളൊരു ഒരു ഇല്ലിക്കാടിന്റെ മറവിലെത്തി. പകുതി പഴുത്ത ചൂരിപ്പഴങ്ങള് ഞാന്നു കിടക്കുന്ന ചില്ലകള്‍ക്ക് പിറകില്‍ ആദ്യം അയ്യപ്പനും പിന്നാലെ ഞങ്ങളും കുനിഞ്ഞിരുന്നു. എന്താ ഇവിടെ നടക്കുന്നതെന്നറിയാതെ ഞങ്ങളെല്ലാവരും അന്യോന്യം നോക്കിക്കൊണ്ടിരുന്നപ്പോഴും, അയ്യപ്പന് മാത്രം ഒരു കണ്ണെടുക്കാതെ മുന്നിലേക്ക് തന്നെ ശ്രദ്ധ കൂര്‍പ്പിച്ചു. നേരെ എതിരായി ആസ്ബറ്റോസ് കൊണ്ട് മറച്ചുവെച്ച ഒരു ഷെഡ്ഡ് ഞങ്ങളെയും കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. വേലിയിറക്കിവെച്ച ഭാരം ഷീറ്റിന്റെ വശങ്ങളിലായി മഞ്ഞ നിഴലുകള്‍ വീഴ്ത്തുന്നത് അയ്യപ്പന്റെ കണ്ണില്‍ തിളങ്ങി വന്നു.
കുന്തിച്ചിരുന്ന കാല് കഴച്ചപ്പോള്‍ വേണു ഒന്ന് എഴുന്നേല്ക്കാന് ശ്രമിക്കവേ, ചുണ്ടിന് മേലെ വിരല്‍ വെച്ച് അയ്യപ്പന് ഞങ്ങളുടെയെല്ലാം ശ്രദ്ധ മുന്നോട്ടു ക്ഷണിച്ചു. ദൂരെ മുളി പുല്ലുകള്‍ ഇടകൊടുത്ത നടവഴി കടന്ന്, ഒരാള്‍ നടന്നു വരുന്നു. തെങ്ങിന് മണ്ടകളില്‍ നിന്നുമുതിര്‍ന്നു വീഴുന്ന കാറ്റ് അവരുടെ മുടിയിഴകളില്‍ കോലാഹലങ്ങളുണ്ടാക്കി. അതൊരു സ്ത്രീയാണെന്ന് ഊഹിക്കാന്‍ ഞങ്ങള്‍ക്ക് അത്രമാത്രം മതിയായിരുന്നു. വളവില്ലാതെ വരച്ചുവെച്ച് ഊയിക്കോലു പോലെ അവര്‍ തീരെ കൂസലില്ലാതെ ഷെഡ്ഡിന് നേരെ നടന്നു തുടങ്ങി.
