ഒന്ന്
'ന്യൂട്ടണ്‍സ് തേര്‍ഡ് ലോ സ്റ്റേറ്റ്‌സ് ദാറ്റ്'
ചുവന്ന പുള്ളിയുള്ള മഞ്ഞ സാരി ഇടുപ്പിലേക്ക് ചേര്‍ത്തുവെച്ച് അനു ടീച്ചര്‍ വായിച്ചു. കുട്ടികള്‍ വേഗത്തില്‍ നോട്ട്‌സ് പകര്‍ത്തി എടുക്കാന്‍ ശ്രമിച്ചു. പരേഡിലെന്ന പോലെ ഇരുപത് ജോടി ചുവന്ന റിബണുകളും ഒരു പോലെ താഴ്ന്നു. ഒരു ജോഡി റിബണ്‍ മാത്രം ഉയര്‍ന്നു വന്നു. ക്ലാസ്‌റൂമിന്റെ വലത്തേ കോണിലെ ബാക്ക് ബെഞ്ചിലിരിക്കുന്ന കറുത്ത ക്യാറ്റ് ഫ്രെയിം കണ്ണട വെച്ച വിദ്യ. അവള്‍ നോട്ട്ബുക്കില്‍ നിന്ന് കണ്ണെടുത്തു. ജാലകത്തിന് പുറത്ത് കണ്ണും നട്ടിരുന്നു.
ആകാശം ഇരുണ്ടു വരുന്നു. പുതു മഴയുടെ ഗന്ധം അവളുടെ സിരകളിലേക്ക് അരിച്ചു കയറി. അവള്‍ ഏതോ ഒരോര്‍മ്മയില്‍ ആണ്ടു പോയി. അവള്‍ വീണ്ടും പതിമൂന്ന് വയസ്സുള്ള ആ വിദ്യ ആയി മാറിയോ! ഒരു മഴയുള്ള വൈകുന്നേരം പത്ത് വാട്ട് എല്‍.ഇ.ഡി വെളിച്ചത്തില്‍ സ്റ്റെയര്‍കേസില്‍ ഒരു ചെറിയ പുസ്തകവും മാറോടു ചേര്‍ത്ത് സ്വപ്നം കണ്ടിരുന്ന ആ കൊച്ചു വിദ്യ.
