ഹസീബ്.... ഹസീ... ബ്.
കാറ്റൂതുന്നപ്പോലൊരു ശബ്ദം ചെവിയില്‍ പതിച്ചപ്പോള്‍, എല്ലുന്തി വളഞ്ഞ മുതുകും, കൂടുകെട്ടി ഉന്തിയ നെഞ്ചുമുള്ളൊരു പട്ടിണിക്കോലം റസിസ്റ്റന്റ് സെറ്റില്‍മെന്റിനുള്ളിലെ ചെറിയ ടെന്‍ഡിലെ കീറതുണികള്‍ വിരിച്ച നിലത്തുനിന്നും നീരുവന്ന് വീര്‍ത്ത കണ്ണുകള്‍ വലിച്ചുത്തുറന്നു കൊണ്ട് പതിയെ എഴുന്നേറ്റുനിന്നു. കാലുകള്‍ വളഞ്ഞു വീണുപോകുമെന്ന് തോന്നിയെങ്കിലും പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടക്കുമ്പോഴവന്‍ അടുത്തു കിടക്കുന്ന അബ്ബയെയൊന്ന് പാളിനോക്കി.
ഒരു മയ്യിത്ത് കിടക്കുന്നപ്പോലെയാണ് ഒറ്റ നോട്ടത്തില്‍ അപ്പയുടെ കിടത്തം കണ്ടാല്‍ തോന്നുക. ഒറ്റക്ക് പുറത്തു പോകരുതെന്ന അബ്ബയുടെ വാക്കുകള്‍ അവനില്‍ ഭയമുളവാക്കുന്നതാണെങ്കിലും ദില്‍ഷാദും ഹന്നയും വിളിക്കുന്നതെന്നതു കൊണ്ടും എന്തെങ്കിലുമൊരു കാര്യമില്ലാതെ അവര്‍ വിളിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ടും വേച്ചു വേച്ചു പുറത്തേക്ക് നടന്നു.
പരിക്കും വിശപ്പും പട്ടിണിയും അസുഖവും തുടങ്ങി പലവിധ പ്രശ്‌നങ്ങളും പുതച്ചുറങ്ങുന്ന മുതിര്‍ന്നവരില്‍ ആരുടേയും ശ്രദ്ധയില്‍ ടെന്റിനു പുറത്തിറങ്ങിയ ആ മൂന്നു കുട്ടികളും പെട്ടതുമില്ല. പുറത്തിറങ്ങിയ ഹസീബ് ദില്‍ഷാദിനെ പിടിച്ചുനിര്‍ത്തി.
