മീര, വൃദ്ധന്മാരുടെ അഗതി മന്ദിരത്തില്‍ ഇതാദ്യമായാണ്. കാലപഴക്കത്തിനാല്‍ പായല്‍ കയറി തുടങ്ങിയ ചുവരുകളുള്ള കെട്ടിടവും വിരസമായ, തികച്ചും പ്രത്യാശ നശിച്ച മുഖങ്ങളും ചെന്നു കയറിയ പാടെ മടുപ്പിച്ചു. സായാഹ്ന വെയിലിന്റെ രേണുക്കള്‍ വീണ് കിടന്ന ഗേറ്റും താണ്ടി മീര മുന്നോട്ട് ചെന്നു. പേപ്പറോ മറ്റോ വായിക്കുകയായിരുന്ന വൃദ്ധന്മാരുടെ ഒരു കൂട്ടം അവളെ ഒന്ന് നോക്കി. മറ്റ് ചിലര്‍ ചെടി നനയ്ക്കുകയോ ബെഞ്ചില്‍ ഇരുന്ന് കുശലം പറയുകയോ ഒക്കെ ചെയ്യുകയാണ്. അവരാരും മീരയെ ശ്രദ്ധിച്ചതുമില്ല. ഒരുപക്ഷേ ഇനിയാരും തിരക്കി വരാനില്ലെന്ന പൂര്‍ണ്ണബോധ്യമുണ്ടാവുമവര്‍ക്ക്.
മീഡിയ ഫീല്‍ഡില്‍ ജോലിക്ക് ചേര്‍ന്ന ശേഷം ഇതിപ്പോള്‍ മീരയുടെ എട്ടാമത്തെയോ മറ്റോ ഇന്റര്‍വ്യൂവാണ്. മറ്റ് ഏഴും സിനിമാക്കാരെയോ രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭരെയോ ഒക്കെയായിരുന്നു. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ ഒരാശയമായിരുന്നു. അനാഥയായ, അധികം പ്രശസ്തയല്ലാത്ത ഒരെഴുത്തുകാരിയെ. യഥാര്‍ത്ഥത്തില്‍ ആ ആശയം മീരയുടേത് തന്നെയായിരുന്നു. എങ്ങനെയെങ്കിലും ചാനല്‍ ഉയര്‍ത്തി എടുക്കണമെന്ന ചിന്ത മാത്രമുള്ള മാനേജര്‍ സമ്മതിക്കുകയും ചെയ്തു. ആദ്യമായി നേരില്‍ കാണുന്ന ആ എഴുത്തുകാരിയോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ പ്രിന്റ് ചെയ്‌തെടുത്തത്, തവിട്ട് ബാഗില്‍ നിന്ന് പുറത്തേക്കെടുത്ത് ഒന്നുകൂടി വായിച്ചു നോക്കി. ഒട്ടും തൃപ്തി തോന്നാതിരുന്ന ചോദ്യങ്ങളില്‍ ചിലത് പേന കൊണ്ട് വെട്ടിയും തിരുത്തിയും ഇരിക്കെ കെട്ടിടത്തിന്റെ അധികാരി എന്ന് തോന്നിക്കുന്ന ഒരു സ്ത്രീ മുന്നിലേക്ക് വന്നു. നേരത്തെ മാനേജര്‍ വിളിച്ചു പറഞ്ഞത് കൊണ്ടാവണം സ്ത്രീ മറ്റൊന്നും ചോദിച്ചില്ല.
''വരൂ അകത്തിരിക്കാം. ആയമ്മ മുറിയിലാണ്.'' എന്ന് മാത്രം പറഞ്ഞു. അവരോടൊപ്പം ഒട്ടും താല്‍പ്പര്യമില്ലാതെയാണ് മീര അകത്ത് കയറിയത്. കാരണം ആ കെട്ടിടത്തിന്റെ അന്തരീക്ഷത്തില്‍ മടുപ്പുളവാക്കുന്ന എന്തൊക്കെയോ ചിന്തകള്‍ അവളില്‍ ഉടലെടുക്കാന്‍ ആരംഭിച്ചിരുന്നു. അവര്‍ ആദ്യം സ്വീകരണ മുറിയിലേക്കാണ് ചെന്നത്. മറ്റൊരു സ്ത്രീ അവിടേക്ക് കയറി വരികയും അവളെ ചായ കൊടുത്ത് സ്വീകരിക്കുകയും ചെയ്തു. മീര ഒരിറക്ക് ചായ കുടിച്ചെന്ന് വരുത്തി. സത്യത്തില്‍ ചായ ഒട്ടും രുചിയുള്ളതായിരുന്നില്ല. ഒരുതരം പഴഞ്ചന്‍ ചായ. പാലില്‍ വെള്ളം അധികരിച്ചതിന്റെ മുഷിപ്പ് അതില്‍ വേറിട്ട് നിന്നിരുന്നു. എഴുത്തുകാരിയെ കാണാന്‍ വീണ്ടും മണിക്കൂറുകള്‍ വേണ്ടിവന്നു.
