ചില്ലുകുപ്പിയിലെ കട്ടിക്കഷായത്തോട് വിമുഖത കാട്ടിയാണ് ആലീസ് തന്റെ പ്രതിഷേധത്തിന്റെ സൂചന അയാള്‍ക്ക് നല്‍കിയത്. സത്യത്തില്‍ മരുന്നെടുത്തു കൊടുക്കാന്‍ വേണ്ടിയൊന്നുമല്ല ആ മുറിയിലേക്ക് പീറ്റര്‍ കയറിച്ചെന്നത്. പണ്ടെങ്ങോ മറന്നു വെച്ച നീലചട്ടയുള്ള ഒരു തടിയന്‍ പുസ്തകം തിരയാന്‍ വേണ്ടി കയറിയതാണ്. അതിലെവിടെയോ മിലിയുടെ നമ്പര്‍ കുറിച്ചു വെച്ചത് അയാള്‍ക്കോര്‍മ്മയുണ്ട്. അതു വേണം, ഒട്ടും വൈകാതെ അവളെ നാട്ടിലെത്തിക്കണം. അല്ലങ്കില്‍ ഇത്രയും കാലം കരുതി വെച്ചതെല്ലാം കാല്‍ ചുവട്ടിലെ മണല്‍ത്തരികള്‍ പോലെ ഒലിച്ചു പോവും.അയാളെ കണ്ടപാടെ റീത്ത വായിലേക്കൊഴിച്ചു കൊടുത്ത കഷായം നീട്ടിയൊരൊറ്റത്തുപ്പ്. പക്ഷേ ലക്ഷ്യം തെറ്റി കൊഴുത്ത ആ ദ്രാവകം പകുതി കിടക്കയിലും ബാക്കി ചുമരിലും ചിത്രം പതിപ്പിച്ചു കൊണ്ടൊഴുകിയിറങ്ങി.
'ശവം.... നിനക്കൊന്നു ചത്തു തന്നൂടെടീ.'
കലി മുഴുവന്‍ നിലത്തു ചവിട്ടിയൊതുക്കി പീറ്റര്‍ പുറത്തേക്കിറങ്ങി. ദേഷ്യം തീര്‍ക്കാന്‍ തന്റെ നേര്‍ക്കായുമ്പോള്‍ ഇളക്കാന്‍ തുടങ്ങിയ വലതുകൈ കൊണ്ട് കഴുത്ത് പിടിക്കാനോങ്ങി കിടന്നതാണ്. ഒറ്റ പിടുത്തത്തിന് തീര്‍ക്കണമെന്നും കരുതിയതാണ്. പക്ഷേ ആലീസിന് കണക്കുകള്‍ പാടെ തെറ്റിപ്പോയി.
