സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞ് ബന്ധുക്കളെല്ലാം തിരിച്ചു വീട്ടിലേക്കെത്തി യാത്ര പറഞ്ഞു പിരിയുന്ന തിരക്കിലായിരുന്നു, പ്രായമായ കുറച്ചു കാരണവന്മാരൊക്കെ അടുത്ത നാളുകളില്‍ വരാനിരിക്കുന്ന ചാവടിയന്തിരം നടത്തുന്ന ദിവസത്തെ പറ്റിയുള്ള ചര്‍ച്ചയിലായിരുന്നു. ചില ചേച്ചിമാരും, ആന്റിമാരുമൊക്കെ വളരെ നാളുകള്‍ക്കു ശേഷം തമ്മില്‍ കണ്ടപ്പോള്‍ ചടങ്ങുകള്‍ കഴിയുന്ന വരെ അടക്കിപ്പിടിച്ച വിശേഷങ്ങള്‍ ഗേറ്റിനു പുറത്തു നിന്ന് പങ്കുവെക്കുന്ന തിരക്കിലായിരുന്നു. അവരെയെല്ലാം ഒന്ന് നോക്കി പതിയെ മന്ദഹസിച്ചുകൊണ്ട് അഖില്‍ ഗേറ്റിനകത്തേക്കു കടന്നു.
കാര്‍ ഷെഡിനു സൈഡിലൂടെയുള്ള സ്‌റ്റെയറിലൂടെ വീട്ടില്‍ നിന്ന് താഴെ ഇറങ്ങി വരുന്ന ചേച്ചിയെ കണ്ട് അവന്‍ മുറ്റത്തു പാകിയ ഗ്രാനൈറ്റ് സ്റ്റോണിന്റെ ഇടയിലൂടെ തലപൊക്കി നില്‍ക്കുന്ന പച്ചപ്പുല്‍ത്തകിടിനെ മൃദുവായി ചവിട്ടിക്കൊണ്ട് സ്റ്റെപ്പിനടുത്തേക്കു നടന്നു. അവന്റെ ചിന്തയില്‍ മുഴുവന്‍ വര്‍ഷയോടു പറയുവാന്‍ ചേച്ചിയെ ഏല്പിച്ച കാര്യങ്ങളായിരുന്നു. തിരക്കില്‍ ചേച്ചി മറന്നുപോയോ എന്നറിയാനുള്ള ആകാംക്ഷയോടെ ചേച്ചിയോട് ചോദിക്കുവാന്‍ തുടങ്ങിയപ്പോഴേക്കും ''വര്‍ഷയല്ലേ?'' എന്ന ചോദ്യത്തോടെ ചേച്ചി മുന്നോട്ടു നടക്കുന്നത് കണ്ട് അവന്‍ തിരിഞ്ഞു നോക്കി. പുറകില്‍ വര്‍ഷ ഒരു ചെറു പുഞ്ചിരിയോടെ ''അതെ'' എന്ന് പറയുന്നത് കണ്ട് അവന്‍ അത്ഭുതത്തോടെ അവളെ നോക്കി.
അകത്തേക്ക് വരൂ, അഖില്‍ എപ്പോഴും പറയാറുണ്ട്. രണ്ടു ദിവസം മുന്‍പ് അവന്‍ കുറച്ചു കാര്യങ്ങള്‍ വര്‍ഷയോടു പറയാന്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ''ഇനിയിപ്പോ അതൊക്കെ അറിഞ്ഞിട്ടെന്താ കാര്യം ചേച്ചി? അതൊക്കെ ഇനി എനിക്ക് കേള്‍ക്കണമെന്നുമില്ല..'' വര്‍ഷയുടെ പെട്ടെന്നുള്ള മറുപടി കേട്ട് ചേച്ചി അമ്പരപ്പോടെ അവളെ നോക്കി. ഞാന്‍ പണ്ടേ അവനുമായുള്ള റിലേഷന്‍ ബ്രേക്ക് ചെയ്തതാണ് ചേച്ചീ, അവന്‍ പിന്നെയും അത് അക്‌സെപ്റ്റ് ചെയ്യാതെ എന്റെ പിറകെ തന്നെയായിരുന്നു. ഞാന്‍ വേറെ കമ്മിറ്റഡ് ആണ്. ഇതിപ്പോ ഇവിടുത്തെ കാര്യങ്ങള്‍ അറിഞ്ഞപ്പോ ഒന്നിവിടെ വരണമെന്ന് തോന്നി!
