ആകാശപച്ച
Vincent van Gogh's The Starry Night. Photo Credit - Wikipedia

Readers Ink

ആകാശപച്ച


തൊരു ചെറിയ ലൈബ്രറി ആയിരുന്നു. നാലഞ്ച് തടി അലമാരകളില്‍ മാത്രം പുസ്തകങ്ങള്‍ ഉള്ള, ലൈബ്രേറിയന്റെ സീറ്റിന് പുറമെ രണ്ട് പേര്‍ക്ക് മാത്രം ഇരിക്കാന്‍ സൗകര്യമുള്ള ഒരു കുഞ്ഞ് ലൈബ്രറി. വീടിന് ഭ്രാന്ത് പിടിക്കുമ്പോള്‍ ഞാന്‍ ഓടി ചെല്ലാറുള്ള എന്റെ ഇടമായിരുന്നു. അവിടേക്കാണ് അയാള്‍ കടന്ന് വന്നത്.. അബദ്ധത്തില്‍ പോലും ഒരു പുഞ്ചിരി എനിക്കോ ലൈബ്രേറിയനോ നല്‍കാതെ അയാള്‍ അവിടെ വിഹരിക്കാന്‍ തുടങ്ങി. എന്റേതെന്ന് കരുതിയ ഇടത്ത് വന്ന് ചേര്‍ന്നത് കൊണ്ടാവാം അയാളോടും എന്തോ ഒരു കൗതുകം ആദ്യം മുതലേ തോന്നിയത്.

അത്ര ചെറിയ ഇടം ആയിട്ട് പോലും അയാളുടെ കണ്ണുകള്‍ എന്നില്‍ പതിയാത്ത പോലെയാണ് എനിക്ക് തോന്നിയത്. ഈ നാട്ടില്‍ അയാള്‍ ആദ്യമാണെന്ന് തോന്നുന്നു. കാരണം പെട്ടെന്ന് പൊട്ടിമുളച്ച ഒരു കൂണുപോലെയാണ് അയാള്‍ ലൈബ്രറിയില്‍ പ്രത്യക്ഷപ്പെട്ടത്. വയലിന്റെ ഏറ്റവും അറ്റത്ത് ഉപേക്ഷിക്കപ്പെട്ട പോലെ നിലകൊള്ളുന്ന പണി തീരാത്ത വീട് വാടകയ്ക്ക് എടുത്ത് അയാള്‍ താമസിച്ച് തുടങ്ങി. കുശലം ചോദിച്ച് വരുന്നവരോട് ഒന്നോ രണ്ടോ വാക്കില്‍ മാത്രം മറുപടി പറഞ്ഞിരുന്ന അയാള്‍ നാട്ടുകാര്‍ക്കും ഒരു കൗതുകവസ്തുവായിരുന്നു. എല്ലാവരെയും അകറ്റി നിര്‍ത്തി.

പക്ഷേ, ഇതെല്ലാം എന്റെ മാത്രം ഇടമാണെന്ന രീതിയില്‍ വിഹരിക്കുന്ന അയാള്‍ക്ക് ഉപേക്ഷിക്കപ്പെട്ട ഒരു കുട്ടിയുടെ മുഖഭാവമാണെന്ന് എപ്പോഴും തോന്നിയിരുന്നു. എനിക്ക് അയാളെക്കാള്‍ കൗതുകം ഏറി വന്നത് അയാളുടെ കൈയ്യിലുണ്ടായിരുന്ന ഒരു ചെറിയ പുസ്തകത്തോട് ആയിരുന്നു. വിന്‍സെന്റ് വാന്‍ഗോഗിന്റെ ദി സ്റ്റാറി നൈറ്റിന്റെ പുറംചട്ടയുള്ള ഒരു കുഞ്ഞ് പുസ്തകം. വായിച്ച് മടുക്കുമ്പോള്‍ അതില്‍ എന്തൊക്കെയോ വരയ്ക്കുന്നത് കാണാം. അല്ലെങ്കിലും ചിത്രം വരയ്ക്കുന്നവരോട് പണ്ടേ എനിക്ക് കുറച്ച് കൗതുകമോ അസൂയയോ കൂടുതലാണ്. കാരണം മനസ്സില്‍ സങ്കടം കുമിഞ്ഞുകൂടുമ്പോള്‍ ഈ സങ്കടങ്ങളെയൊക്കെ ചിത്രങ്ങളാക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്.


Related Articles