11/06/2019
അപ്രതീക്ഷിതമായൊരു യാത്ര നാട്ടിലേക്ക്. കൂടെ താമസിക്കുന്ന കൃഷ്ണന്‍ നാട്ടിലേക്ക് പോകാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും നാട്ടിലേക്ക് ടിക്കറ്റില്ലായിരുന്നു. എമിറേറ്റ്‌സിന്റെ ടിക്കറ്റ് ഞങ്ങള്‍ സ്റ്റാഫുകള്‍ക്ക് ചെറിയ നിരക്കില്‍ കിട്ടുമെന്നതൊരാശ്വാസമാണെങ്കിലും സീസണിലത് ലഭിക്കില്ല. കേരളം, തമിഴ്‌നാട്, ബാംഗ്ലൂര്‍, എന്ന് വേണ്ട ദിവസവും അഞ്ച് ഫ്‌ളൈറ്റ് പോകുന്ന ബോംബെ പോലും ടിക്കറ്റ് റെഡ് സിഗ്‌നലാണ് കാണിക്കുന്നത്.
അപ്പോഴാണ് മാലിയിലേക്ക് ടിക്കറ്റ് ഗ്രീന്‍ സിഗ്‌നല്‍ കാണിക്കുന്നത്. അവിടെനിന്നും സ്‌പൈസ് ജെറ്റ് കണക്ഷനുണ്ട് കൊച്ചിക്ക്. ഒറ്റയ്ക്കാണേലും പോകാന്‍ തയ്യാറായിരിക്കുന്നു കൃഷ്ണന്‍. ടിക്കറ്റില്ലേല്‍ പിന്നീട് പോകാമെന്ന് വിചാരിച്ചിരുന്ന എന്നേയും കൃഷ്ണന്റെ മാലി യാത്ര ആകര്‍ഷിച്ചു. പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും വേണ്ടാത്തതിനാല്‍ ഷോള്‍ഡര്‍ ബാഗില്‍ അത്യാവശ്യ സാധനങ്ങളുമായി കൃഷ്ണന്റെ കൂടെ ഇറങ്ങി. ഡെനാറ്റയില്‍ ജോലി ചെയ്യുന്ന സഹമുറിയന്‍ ഷോയി ഞങ്ങളെ പതിനൊന്ന് മണിക്ക് എയര്‍പ്പോര്‍ട്ടില്‍ വിട്ടു. രണ്ടേ മുപ്പതിന്റെ ഫ്‌ളൈറ്റാണ് മാലിക്ക്. ടിക്കറ്റ് ഓപ്പണായതിനാല്‍ ചെന്നതേ ടിക്കറ്റ് റെഡി. മാലിയില്‍ മുമ്പൊരിക്കല്‍ പോയിട്ടുണ്ടെങ്കിലും അന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നിന്നും താഴെ ഇറങ്ങേണ്ടി വന്നിരുന്നില്ല. അരമണിക്കൂര്‍ സമയം വിമാനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു.
