ടെക്കിയും ഭാര്യ ശാരികയും നഗരത്തിലെ ഫ്‌ളാറ്റില്‍ എത്തിയിട്ടു കൊല്ലം രണ്ടു കഴിഞ്ഞു.
'വിശേഷം' വല്ലതും? ഒളിഞ്ഞും തെളിഞ്ഞും താന്താങ്ങളുടെ ധര്‍മ്മം കൃത്യമായി അനുഷ്ഠിച്ച്, ബന്ധുക്കളവരുടെ ജീവിതത്തില്‍ ഇടപ്പെട്ട് ആവും വിധം സൊല്ലയുണ്ടാക്കി.
ദിവസവും ലാപ്പ്‌ടോപ്പു തൂക്കി പോകുന്ന ടെക്കിക്ക് തിരക്കോടു തിരക്ക്. അതൊരു പുതിയ വിശേഷമല്ല. പറഞ്ഞു തേഞ്ഞ വാര്‍ത്തയ്ക്ക് പ്രാധാന്യമില്ലാത്തതിനാല്‍ ടെക്കിയുടെ തിരക്ക്, നിങ്ങള്‍ നെവര്‍ മൈന്‍ഡ്. അതൊക്കെ ആര്‍ക്കൈവ് ചെയ്യാവുന്ന ഫയലുകളെന്ന് ടെക്കികളും കൂട്ടത്തോടെ തീരുമാനിച്ചു കഴിഞ്ഞു.
ഫോണ്‍ തോണ്ടലും അടുക്കള ലാബുമായി ശാരിക സമയം കൊന്നു. ആദ്യത്തേത് മടുത്തില്ലെങ്കിലും രണ്ടാമത്തേത് അവള്‍ക്ക് നന്നെ മടുത്തു. കുക്കിംഗ് ചാനല്‍ കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് അവള്‍ക്ക് മനസ്സിലായി. തേങ്ങ അവിടെയുണ്ട്, പക്ഷെ പൊതിക്കാനും അരയ്ക്കാനും പോണില്ല, എന്നു മാത്രം. കുറെ സുന്ദരികളുടെ നിറമുള്ള ഉരുളന്‍ കല്ലുകള്‍ പതിച്ച വലിയ മോതിര കളക്ഷന്‍ കണ്ട് അവള്‍ നെടുവീര്‍പ്പിട്ടു. ചിലര്‍ പതിനാറാം നൂറ്റാണ്ടിലെ രാജപത്‌നിമാരെ തോല്പിക്കുന്നപോലെ സര്‍വാഭരണ വിഭൂഷിതരായി അടുക്കളയങ്കത്തിനു ഇറങ്ങുന്നതും കണ്ടു. ഒരു ഉണ്ടന്‍പൊരി ഉണ്ടാക്കാന്‍ ഇത്ര സെറ്റപ്പോ? അവളുടെ കണ്ണു തളളി. അമ്മയുടെ ലോക്കറിലിരിക്കുന്ന ആഭരണങ്ങളിലെ ആന്റീക്ക് ലുക്ക് സാധ്യതയും സ്വയം വിലയിരുത്തി.
