മലമുകളിലെ സുവിശേഷകൻ

Readers Ink

മലമുകളിലെ സുവിശേഷകൻ


‘ചായകുടിക്കാൻ പോരുന്നോ?’ എന്ന റോഷൻ്റെ ക്ഷണം സ്വീകരിച്ചാണ് നിഖിലും നിനീറ്റയും ഉടുത്തിരുന്ന വസ്ത്രം പോലും മാറാതെ ഉറക്കച്ചടവുള്ള മുഖവുമായി രാത്രിയിലും തുറന്നു പ്രവർത്തിക്കുന്ന ചായ് ലാബ് എന്ന കഫേയിലേക്കെത്തിയത്.

നഗരത്തിന്റെ തിരക്കിൽനിന്ന് അല്പം മാറി, റോഡിനോട് ചേർന്ന് ചുറ്റുമതിലുകളില്ലാതെ അലങ്കാര ചെടികൾ അതിരിട്ട് തുറന്നുകിടക്കുന്ന ഇടം. തൂക്കിയിട്ട മഞ്ഞ ബൾബുകൾ കാറ്റിൽ ചെറുതായി ആടിക്കൊണ്ടിരുന്നു. അവയുടെ വെളിച്ചം താഴെ നിരത്തിയിട്ടിരുന്ന മരമേശകളിലും നീളൻ ബെഞ്ചുകളിലും പടർന്നുകിടന്നു.

കുറച്ചകലെ കാറുകളും ബൈക്കുകളും നിരന്നുകിടക്കുന്നുണ്ടായിരുന്നു. ചിലർ കാറിന്റെ ബോണറ്റിൽ ചാരിനിന്ന് സംസാരിക്കുന്നു. മറ്റുചിലർ കൂട്ടംകൂടി നിൽക്കുന്നു. മറ്റൊരു കൂട്ടത്തിൽനിന്ന് പൊട്ടിച്ചിരി ഉയരുന്നു. ചായക്കപ്പുമായി ഒരാൾ മേശകൾക്കിടയിലൂടെ ഫോണിൽ മുഴുകി അലഞ്ഞുനടക്കുന്നു. ചായയുടേയും പുകയുന്ന ഗ്രില്ലിലെ മസാല പുരട്ടിയ ഇറച്ചിയുടെ മണവും വറുത്ത മറ്റെന്തിൻ്റെയൊക്കയോ ഗന്ധവും കാറ്റിൽ കലർന്നിരുന്നു. അഭിയും നിനീറ്റയും കഫേയിലെത്തിയപ്പോൾ റോഷൻ തുറന്നമുറ്റത്തിന്റെ ഏറ്റവും അറ്റത്തെ മേശയിൽ ഇരിക്കുകയായിരുന്നു.


Related Articles