റെഡ്ഢിമാഡത്തിൻ്റെ വീട്ടിലെ പാത്രങ്ങൾ കഴുകിക്കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഏതാണ്ടൊരു നാലുവർഷം പ്രായമുള്ള, ഇടംകയ്യിൽ ബാൻഡേജുളള ആ ആൺകുട്ടി ഓടിവന്ന് സീതയുടെ കൈപിടിച്ചുകൊണ്ടു ചോദിച്ചത്: "ആൻ്റീ, ആൻ്റിയൊരു മാജിക്കുകാരിയാണോ?"
ഒരുനിമിഷത്തേക്ക് സീത സ്തബ്ദയായിനിന്നു. എന്താണവൻ വിളിച്ചത്? ആൻ്റിയെന്നോ!
'കാംവാലി' യെന്നോ 'ബായി' യെന്നോ അല്ലാതെ ഈ ടൗൺഷിപ്പിലെ മേംസാബുമാരുടെ മക്കളാരും അവളെ ഇന്നുവരെ വിളിച്ചിട്ടില്ല. ഈ കുട്ടിയും അവൻ്റെ മാതാപിതാക്കളും ഈ ടൗൺഷിപ്പിലേതാവില്ല. തീർച്ച!
സീത ഇത്രയ്ക്കു ചിന്തിച്ചപ്പോഴേക്കും ജീൻസും ടോപ്പും തൊപ്പിയും സൺഗ്ലാസ്സുമൊക്കെയിട്ട ഒരു യുവതി ഓടിവന്ന് അവനെ കോപത്തോടെ പിടിച്ചു. സീതയ്ക്കു മനസ്സിലാവാത്ത ഭാഷയിൽ അവനോടെന്തോ പറഞ്ഞ്, സീതയെ കനലാളുന്ന കണ്ണുകളാലൊന്നു നോക്കി ആ യുവതി അവനെ വലിച്ചിഴച്ചു കൊണ്ടുപോയി. അമ്മ വലിച്ചുകൊണ്ടുപോകുമ്പോൾ അവൻ സീതയെനോക്കി വീണ്ടും പുഞ്ചിരിച്ചു. എന്നിട്ടവളോടു വിളിച്ചുപറഞ്ഞു: "ഒരു മാജിക്കു കാണിക്കാൻ്റീ. പ്ലീസ്!"
