ഇറ്റാലിയൻ എഴുത്തുകാരനും ചിന്തകനുമായ ഉംബെർത്തോ എക്കോ (Umberto Eco) 1980-ൽ പുറത്തിറക്കിയ ലോകപ്രശസ്തമായ ചരിത്ര നോവലാണ് ഇൽ നോമേ ദെല്ലാ റോസാ (Il nome della rosa). ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ‘ദി നെയിം ഓഫ് ദി റോസ്’ ( The Name of the Rose). ഒരു കൊലപാതകാന്വേഷണ കഥയാണെങ്കിലും ചരിത്രം, തത്ത്വചിന്ത,മതവിശ്വാസം, ചിഹ്നവിജ്ഞാനീയം എന്നിവയെല്ലാം ഇഴചേർത്തുവെച്ച ഒരു സങ്കീർണ്ണ കൃതിയാണിത്. ഈ നോവൽ ‘റോസാപ്പൂവിന്റെ പേര്’ എന്ന പേരിൽ ഡോ. രാധിക സി. നായർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു.
1327-ൽ ഇറ്റലിയിലെ ഒരു മലമുകളിലുള്ള പ്രശസ്തമായ ബെനഡിക്റ്റൈൻ ആശ്രമത്തിലാണ് കഥ നടക്കുന്നത്. കത്തോലിക്കാ സഭയ്ക്കുള്ളിലെ ആഭ്യന്തരതർക്കങ്ങളും ദാരിദ്ര്യത്തെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കാൻ ഒരു വലിയ മതസമ്മേളനം ഈ ആശ്രമത്തിൽ വെച്ച് നടത്താൻ തീരുമാനിക്കുന്നു. എന്നാൽ ആശ്രമത്തിൽ സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവിടെയുള്ള ഒരു സന്യാസി ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മികച്ച യുക്തിചിന്തയും നിരീക്ഷണപാടവവുമുള്ള അന്വേഷകനും ഫ്രാൻസിസ്കൻ സന്യാസിയുമായ വില്യമിനെ ഈ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ആശ്രമാധിപൻ ചുമതലപ്പെടുത്തുന്നു. തുടർന്ന് അന്വേഷണം പുരോഗമിക്കുന്നു. എന്നാൽ അടുത്തടുത്ത ദിവസങ്ങളിൽ കൂടുതൽ സന്യാസിമാർ സമാനമായ രീതിയിൽ കൊല്ലപ്പെടുന്നു. ഈ കൊലപാതകങ്ങളെല്ലാം ചെന്നെത്തുന്നത് ആശ്രമത്തിലെ അതീവ രഹസ്യമായ, ലോകത്തിലെ ഏറ്റവും അപൂർവ്വമായ പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന വലിയ ലൈബ്രറിയിലേക്കാണ്. കേവലമൊരു കുറ്റാന്വേഷണകഥ എന്നതിനപ്പുറം അറിവിന്റെയും ആശയങ്ങളുടെയും കൈമാറ്റത്തെ മധ്യകാലഘട്ടത്തിലെ അധികാരികൾ എങ്ങനെയാണ് ഭയത്തോടെ വീക്ഷിച്ചിരുന്നത് എന്ന് ഈ നോവൽ ചർച്ച ചെയ്യുന്നു. സഭയുടെ കർക്കശമായ നിയമങ്ങളും മനുഷ്യസഹജമായ ജിജ്ഞാസയും തമ്മിലുള്ള നിരന്തരമായ സംഘർഷമാണ് ഇതിലെ പ്രധാന പ്രമേയം. വായനക്കാരെ നിരന്തരം ചിന്തിപ്പിക്കുന്ന തരത്തിൽ സംവാദങ്ങളും തത്ത്വചിന്താപരമായ ചർച്ചകളും കൊണ്ട് സമ്പന്നമാണ് ഇതിലെ ഓരോ അധ്യായവും.
ഭാഷാശാസ്ത്രത്തിലും ചിഹ്നവിജ്ഞാനീയത്തിലും വിദഗ്ദ്ധനായ ഉംബെർത്തോ എക്കോയുടെ തനതായ എഴുത്തുശൈലി ഈ നോവലിലുടനീളം കാണാം. ഒരു തുമ്പിൽ നിന്ന് മറ്റൊരു തുമ്പിലേക്ക് നീളുന്ന അന്വേഷണ വഴിയിൽ, ചുറ്റുമുള്ള ഓരോ അടയാളങ്ങളെയും ചിഹ്നങ്ങളെയും വില്യം വ്യാഖ്യാനിക്കുന്ന രീതി വായനക്കാരെ വിസ്മയിപ്പിക്കുന്നു. ചരിത്രവസ്തുതകളും ഫിക്ഷനും തമ്മിൽ വേർതിരിക്കാനാവാത്തവിധം ഇഴചേർത്തു നിർത്തിയിരിക്കുന്ന ഈ കൃതി, മധ്യകാലയൂറോപ്പിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ അവസ്ഥകളിലേക്ക് തുറന്നുപിടിച്ച ഒരു കണ്ണാടി കൂടിയാണ്. വില്യമിന്റെ യുവശിഷ്യൻ ‘മെൽക്കിലെ അഡ്‌സോ’ എന്ന സന്യാസി പ്രായമായ കാലത്ത് തന്റെ ഭൂതകാലത്തെ ഓർത്തെടുത്ത് എഴുതുന്ന രീതി അറിവ് എല്ലാവരിലേക്കും എത്താതിരിക്കാൻ മതം നടത്തുന്ന ശ്രമങ്ങൾ തുറന്നു കാണിക്കുകയാണ്. ഒരു സാധാരണ നോവൽ പോലെ നേരിട്ട് കഥ പറയുന്ന രീതിയല്ല ഉംബെർത്തോ എക്കോ ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്. അഡ്‌സോ ലത്തീൻ ഭാഷയിൽ എഴുതിയ ഒരു പഴയ കയ്യെഴുത്തുപ്രതിയുടെ പരിഭാഷ യാദൃച്ഛികമായി ലഭിക്കുകയും അതിന്റെ പരിഭാഷ എന്ന രീതിയിലുമാണ് എക്കോ ഈ നോവൽ അവതരിപ്പിക്കുന്നത്. ഇത് കഥയ്ക്ക് ഒരു യഥാർത്ഥ ചരിത്രരേഖയുടെ വിശ്വാസ്യത നൽകുന്നു.
