നീണ്ടുവളർന്ന പൈൻമരങ്ങൾ കാറ്റിൽ ചരിയുകയും ഉലയുകയും ചെയ്യുന്നുണ്ടായിരുന്നു. ശൈത്യകാലത്തിന്റെ ആരംഭമായിട്ടുണ്ട്. അനേകം ചെറിയ ഇലകളുള്ള ചില്ലകളിൽ വെളുത്ത പൂക്കൾ പോലെ മഞ്ഞിന്റെ നേർത്ത പാളികൾ വീണുകിടക്കുന്നു. പൈൻമരങ്ങൾക്കിപ്പുറം നീളൻ ചെറിമരത്തിന്റെ കൈയ്യെത്തി തൊടാവുന്ന ചില്ലകളിലെ മൂപ്പെത്തിയ പഴങ്ങൾക്കരികിലിരുന്ന്, തണുപ്പുകാലത്ത് മാത്രം കാണാറുള്ള ഉടൽ ചുവപ്പൻ പക്ഷി കുറുകുന്നു. ചെറിമരത്തിനുമപ്പുറം നീണ്ടുപോവുന്ന കല്ലു പാതയവസാനിക്കുന്നിടത്താണ് നിലൈഗിയയുടെ ഒറ്റനില മരവീട്. മുമ്പ് മുറ്റം നിറയെ പൂമരങ്ങളായിരുന്നു. കോഫി ബീൻസിന്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിക്കിടക്കുന്നുണ്ടായിരുന്നു. എഡ്വിനാർ സായിപ്പിന്റെ ബംഗ്ലാവിൽ നിന്നാവണം.
എഡ്വിനാർ ഫെഡറിക്ക് സായിപ്പ് വളർത്തച്ഛനാണ്. അച്ഛനെന്ന് പറയാനാകില്ല. അദ്ദേഹം സംരക്ഷിച്ചിരുന്ന അനേകം അനാഥബാല്യ മനുഷ്യരിൽ ഒരുവൾ മാത്രമായിരുന്നു നിലൈഗിയ വാഞ്ചസ്. അനേകം അനാഥരിൽ നിലൈഗിയയ്ക്ക് മാത്രം സംഭവിച്ച ഭാഗ്യമായിരുന്നു എഡ്വിനാറിന്റെ ബംഗ്ലാവിനരികിലെ മരവീട്ടിൽ താമസിക്കാനുള്ള അവകാശം. അവൾക്ക് അഞ്ചോ ആറോ വയസുള്ളപ്പോഴാണത് സാധിക്കുന്നത്. നിലൈഗിയയും എഡ്വിനാറിന്റെ ബംഗ്ലാവിലെ വൃദ്ധയായ ജോലിക്കാരി വാമോഗ മുത്തശ്ശിയും ഒരുമിച്ച് മരവീട്ടിൽ താമസിച്ചു പോന്നു. പിന്നീടങ്ങോട്ട് നിലൈഗിയ സിൽവിയയുടെ സന്തത സഹചാരിയായി. ആത്മ മിത്രമായി. യഥാർത്ഥത്തിൽ എഡ്വിനാറിന്റെ ബംഗ്ലാവിലെ ജോലികളധികവും ചെയ്തിരുന്നത് നിലൈഗിയയെന്ന കൊച്ചുപെൺകുട്ടിയായിരുന്നു. പക്ഷേ ആരുമതിനവളെ നിർബന്ധിച്ചിരുന്നില്ല. വിലക്കിയതുമില്ല.
സിൽവിയയ്ക്ക് ശേഷം എഡ്വിനാറിനും ഭാര്യയ്ക്കും അഞ്ചുമക്കൾ കൂടിയുണ്ടായി. അവരെയെല്ലാം നിലൈഗിയ പരിപാലിക്കുകയും അവർക്കുവേണ്ടതെല്ലാം ചെയ്യുകയും ചെയ്തുപോന്നു. വർഷങ്ങൾ പലത് കടന്നുപോയി.
