മെട്രോയിലെ തിരക്കിനിടയിൽ നിന്നും വളരെ പണിപ്പെട്ടിറങ്ങി വേഗത്തിൽ താഴേക്കുള്ള എസ്കലേറ്ററിന്റെ അടുത്തെത്തിയപ്പോഴാണ് താൽക്കാലികമായി പ്രവർത്തിക്കുന്നില്ല എന്ന ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. ലിഫ്റ്റിനടുത്തുള്ള ആൾക്കൂട്ടം കണ്ടതോടെ അവള് കുത്തനെയുള്ള പടികളിലേക്ക് നടന്നു. വേഗം തന്നെ ഓരോ പടികളും ഇറങ്ങി. കുറേ കാലത്തിനു ശേഷം ഉള്ള പടിയിറക്കം. എന്താണെന്നറിയില്ല പെട്ടെന്ന് നാടും വീടും കുളവും അവിടുത്തെ കല്പടവുമെല്ലാം ഓർമയുടെ വേലിയേറ്റം സൃഷ്ടിച്ചു. ഫ്ലാറ്റിൽ പതിനെട്ടാം നിലയിലെ മുറിയിലെത്തിയിട്ടും എന്തൊക്കെയോ നഷ്ടബോധം അവളെ വല്ലാതെ അലട്ടി. ഫ്ലാറ്റിൽ നിറയെ ഇൻഡോർ പ്ലാന്റ്സ് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. വില അൽപ്പം കൂടിയാലും വെള്ളം വല്ലപ്പോഴും ഒന്നു തളിച്ചാൽ മതി, വെയിലിന്റെ ആവശ്യമില്ല തുടങ്ങിയ അന്യഭാഷക്കാരന്റെ വാചക കസർത്തിൽ വാങ്ങി കൂട്ടിയ ചെടികളാണ്. ചിലതൊക്കെ കരിഞ്ഞുണങ്ങിയെങ്കിലും തലയുയർത്തി നിൽക്കുന്ന കുറച്ചധികം എണ്ണമുണ്ട്. ആരും തിരിഞ്ഞു നോക്കിയില്ലെങ്കിലും നനവ് കിട്ടിയില്ലെങ്കിലും വെയിൽ കിട്ടിയില്ലെങ്കിലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ശുദ്ധ വായു പുറത്തേക്കു വിട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ്.
കുളി കഴിഞ്ഞു പതിവ് പോലെ ഫിൽറ്റർ കോഫി കുടിച്ചു ബാൽക്കണിയിൽ വന്നിരുന്നു. എത്ര നേരം ആ ഇരുപ്പ് തുടർന്നു എന്ന് കൃത്യതയില്ല. താഴേക്ക് നോക്കിയപ്പോൾ നഗരം ഇനിയും ഉറങ്ങിയിട്ടില്ല. നിരത്തിൽ തിരക്കിട്ടു പായുന്ന വാഹനങ്ങളുടെ നിര ഇപ്പോഴും നിലച്ചിട്ടില്ല. വരാൻ ലേറ്റ് ആകുമെന്ന നവീന്ന്റെ മെസ്സേജ് എന്നത്തേയും പോലെ ഫോണിൽ അന്നും ഇടം പിടിച്ചിട്ടുണ്ടായിരുന്നു. മെയിൻ ഡോർ ലോക്ക് ചെയ്തു കീ മാറ്റി അവൾ കിടന്നു. ശൂന്യമായ കീ ഹോൾ നവീനിന്റെ കൈവശമുള്ള കീ കാത്തു കിടന്നു.
കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. മൊബൈലിൽ ഡീപ് സ്ലീപ് മ്യൂസിക് ഓണാക്കി കണ്ണുകൾ മുറുക്കി അടച്ചു.
