ഷഫിൾ മോഡിലെ പ്രണയം

Readers Ink

ഷഫിൾ മോഡിലെ പ്രണയം


എന്റെ പേര് അജിത്ത്. അസാധാരണത്വങ്ങളുടെ വർണ്ണപ്പകിട്ടുള്ള ഈ ലോകത്ത്, ഒരു 'വെറുമൊരു സാധാരണക്കാരനായി' ജീവിക്കാൻ കൊതിക്കുന്നവൻ. ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെക്കുറിച്ചോ ഇന്ത്യാ-പാക് തർക്കങ്ങളിലെ ലാഭനഷ്ടങ്ങളെക്കുറിച്ചോ പണ്ഡിതന്മാർ വാദിക്കുമ്പോൾ, ആ ഉത്കണ്ഠകളിൽ നിന്നെല്ലാം ഉൾവലിഞ്ഞ് സ്വന്തം ലോകത്തേക്ക് ചുരുങ്ങാനാണ് എനിക്കിഷ്ടം. ചുറ്റുമുള്ളവർ കെ.എഫ്.സി ബക്കറ്റിനും ഡോമിനോസ് പിസയ്ക്കും മുന്നിലിരുന്ന് സെൽഫികൾക്ക് പോസ് ചെയ്യുമ്പോൾ, സ്ട്രീറ്റിലെ തട്ടുകടയിലിരുന്ന് പൊറോട്ടയ്‌ക്കൊപ്പം പാലും പഞ്ചസാരയും ചേർത്ത് കഴിക്കുവാൻ ആഗ്രഹിക്കുന്ന ഒരു പഴഞ്ചൻ. സത്യത്തിൽ ഇത്തരം പഴഞ്ചൻ ശീലങ്ങളിലാണ് ഞാൻ എന്നെത്തന്നെ കണ്ടെത്തുന്നത്.

എന്റെ ജീവിതം ഇപ്പോൾ രണ്ട് സ്റ്റേഷനുകൾക്കിടയിൽ ആടിക്കൊണ്ടിരിക്കുന്ന ഒരു പെൻഡുലം പോലെയാണ്. ഒരേ പാളത്തിലൂടെയുള്ള ദിവസേനയുള്ള ആ യാത്ര. പക്ഷേ, പുറമെ കാണുന്ന എന്റെ ഈ ശാന്തതയ്ക്കുള്ളിൽ അജിത്ത് എന്നു തന്നെ പേരുള്ള മറ്റ് രണ്ട് പേർ കൂടി ഒളിച്ചിരിപ്പുണ്ട്. ഒന്നാമത്തെയാൾ, അതിരാവിലെ പുതപ്പിനുള്ളിലെ ആ സുഖകരമായ ചൂടിൽ അല്പം കൂടി മയങ്ങാൻ ആഗ്രഹിക്കുന്ന ഒരു മടിയൻ. രണ്ടാമത്തെയാൾ, ട്രെയിനിലെ വിൻഡോ സീറ്റിലിരുന്ന് കാറ്റേറ്റ്, ഹെഡ്‌സെറ്റിലൂടെ ഒഴുകിയെത്തുന്ന പാട്ടുകളിൽ ലയിച്ച് പുറത്തെ കാഴ്ചകൾ കാണാൻ കൊതിക്കുന്ന സ്വപ്നജീവി. മിക്കപ്പോഴും ഇവർ തമ്മിൽ എന്റെയുള്ളിൽ ഒരു മഹാഭാരതയുദ്ധം തന്നെ നടത്തും. അപ്പോഴൊക്കെ, എന്റെ ഉറക്കം കെടുത്താറുള്ള ആ രണ്ടാമത്തെ അജിത്താണ് പലപ്പോഴും ജയിക്കാറുള്ളത്.

ഇന്നും പതിവ് തെറ്റിയില്ല. 7.30-ന് ഞാൻ റെയിൽവേ സ്റ്റേഷനിലെത്തി. പക്ഷേ, ഭാഗ്യം തുണച്ചില്ല; ട്രെയിനിൽ ഇരിക്കാൻ ഒരിടം പോലുമില്ലായിരുന്നു, അത്രയധികം തിരക്ക്. തിരക്ക് കുറഞ്ഞ ഒരു ബോഗി വളരെ പ്രയാസപ്പെട്ട് കണ്ടെത്തി ഒരു മൂലയിൽ ഒതുങ്ങിനിന്ന് ഞാൻ ഹെഡ്‌സെറ്റ് ചെവിയിൽ തിരുകി വെച്ചു. സ്പോട്ടിഫൈ ഓണാക്കി ഷഫിൾ മോഡിൽ ആദ്യമെത്തിയത് കെ.കെ-യുടെ  മാന്ത്രിക ശബ്ദമാണ്. ''ഓം ശാന്തി ഓം" സിനിമയിലെ "ആംഖോൻ മേ തേരി" എന്ന ഗാനം തുടങ്ങിയപ്പോഴേക്കും എന്റെ മനസ്സ് അവളുടെ കണ്ണുകൾ വരയ്ക്കാൻ തുടങ്ങിയിരുന്നു. 'അഞ്ജന'. എന്റെ സുഹൃത്ത്, സഹപ്രവർത്തക, സഹയാത്രിക അങ്ങനെ 'സ' എന്ന ഒരക്ഷരം ഉപയോഗിച്ച് കുറച്ചധികം ബന്ധങ്ങൾ കൂട്ടിച്ചേർത്തു പറയാൻ കഴിയുന്ന ഒരുവൾ. എന്റെ നിശബ്‌ദ സാമ്രാജ്യത്തിലെ രാജകുമാരി. അവളുടെ കണ്ണുകളിലെ വിചിത്രമായ ശോഭയെക്കുറിച്ച് കെ.കെ. പാടുമ്പോഴേക്കും, ഞാൻ അവളെ മനസ്സിൽ വരച്ചുതുടങ്ങിയിട്ടുണ്ടാകും. കറുത്ത നിറമുള്ള ചുരിദാറും അതിന് ചേരുന്ന മഞ്ഞ നിറമുള്ള ദുപ്പട്ടയും അണിഞ്ഞു നിൽക്കുന്ന അഞ്ജന ആ നിമിഷം എന്റെ മുൻപിൽ പ്രത്യക്ഷയാകും. 'ജന്നത്തി'ലെ 'സറ സ' എന്ന പാട്ടിലെത്തുമ്പോൾ, അവൾക്കായി ലോകം മുഴുവൻ നൽകാമെന്നും പകരം അവളുടെ ഹൃദയത്തിൽ ഒരു ചെറിയ ഇടം മതിയെന്നും ഞാൻ വെറുതെ മോഹിച്ചു. 'ഗ്യാങ്സ്റ്ററിലെ' 'തൂ ഹി മേരി ഷബ് ഹൈ' പ്ലേ ചെയ്തപ്പോൾ അവളുടെ വസ്ത്രത്തിന്റെ കറുപ്പ് എന്റെ രാത്രിയായും മഞ്ഞ നിറം എന്റെ പകൽ സൂര്യനായും മാറി.


Related Articles