ലാസോ ഇഫക്റ്റ്

Readers Ink

ലാസോ ഇഫക്റ്റ്


നിനക്ക് ജന്മസിദ്ധമായൊരു ലാസോ ഇഫക്റ്റിന്റെ ബാധയുണ്ടെന്ന് ഏറെ വൈകിയാണ് മനസ്സിലാക്കിയത്. എപ്പോൾ വേണമെങ്കിലും, ആരെ വേണമെങ്കിലും മുറിച്ചുമാറ്റാൻ കഴിയുന്നൊരു മാന്ത്രികത. ഒറ്റ വരയിൽ അതിർത്തികൾ നിശ്ചയിച്ച് വീശിവരച്ചും ചതുരത്തിലാക്കിയും അടിമയാക്കി മായ്ച്ചുകളയും. മേഘം പോലെ വന്നു ചേർന്നവർ മായ പോലെ അകന്നുപോകുന്നത് നിന്റെ വിരൽത്തുമ്പിലെ ചലനത്തിലാണത്രേ. പിന്നെ, ആരെ വേണമെങ്കിലും, എവിടെ വേണമെങ്കിലും ചേർത്തുവെക്കാൻ കഴിയുന്ന കാൻവാസ് പോലൊരു ഹൃദയവും. ആ ഹൃദയത്തിൽ പ്രത്യേകതരം വാതിലുകളുണ്ട്. അവ അലുക്കുകളായി പതിപ്പിച്ചിരിക്കുന്നു. പഴയ ഓർമ്മകൾ കളയാനും പുതിയവ ചേർത്തുവെക്കാനും വശങ്ങളിൽ ഗാലറികൾ നിറഞ്ഞുകിടക്കുന്നു. അറിയാതെ കൈതട്ടി പ്രിയപ്പെട്ട ഒരു ഓർമ്മ കൂട്ടിച്ചേർത്തുപോയാലും ഒറ്റ വാക്കുകൊണ്ട് നീ അതിനെ ട്രാഷെന്ന ഇരുട്ടിലേക്ക് തള്ളിക്കളയും. അപ്പോഴും ഒരാൾ മാത്രം തേഞ്ഞുപോയ കാലടികളിൽ ബാക്കിയാകുന്ന ശബ്ദങ്ങൾ പെറുക്കിയെടുക്കുന്നു. ഇനി ഉപേക്ഷിക്കപ്പെട്ട ഓർമ്മകളെ ഉമ്മവെച്ചുമ്മവെച്ച് വെളിച്ചവും സംഗീതവും ചേർത്തൊരു ഡ്രാഫ്റ്റിലാക്കണം.

Summary: Lasso Effect, poem by Yamuna K Nair


Related Articles