അനുപ്രിയ ടീച്ചർ സങ്കല്പത്തിലെ ജോലിയിൽ പ്രവേശിച്ചിട്ട് മൂന്നാം ദിവസം, ആദ്യ പീരീഡ്. രണ്ട് ബി ക്ലാസിൽ രജിസ്റ്റർ ബുക്കിൽ കുട്ടികളുടെ പേരുകൾ പരിശോധിക്കുകയായിരുന്നു ടീച്ചർ.
കുട്ടികൾ ഓരോരുത്തർ ആയി വരുന്നതേയുള്ളൂ.
എത്ര നാൾ കാത്തു കാത്തിരുന്നു ലഭിച്ച ജോലിയാണ്.
അധ്യാപകരാകാൻ കോച്ചിങ് നൽകുന്ന കരിയർ ഗൈഡൻസ് ക്ലാസിൽ എത്ര കാലം മുടങ്ങാതെ പോയി നേടിയെടുത്ത ജോലിയാണ്. വിജയികളുടെ റാങ്ക് ലിസ്റ്റിൽ തുടക്കത്തിൽ പേരുണ്ടായിട്ടും മാസങ്ങൾ വർഷങ്ങളാക്കി കാത്തിരുന്നു. ഒരുറപ്പും ഇല്ല ജോലി കിട്ടുമെന്ന്.
അതുകൊണ്ട് തന്നെ ആദ്യം ലഭിച്ച ജോലി സ്വീകരിക്കേണ്ടി വന്നു.
ബീവറേജസ് ഔട്ട്ലറ്റിൽ മദ്യ വില്പന.
ജോലി കിട്ടിയ വിവരം ആരോടും പറഞ്ഞില്ല. എന്തോ ഒരു പന്തികേടു മണക്കുന്ന ജോലി. എങ്കിലും ജോയിന് ചെയ്തു. പേടിച്ചും കിടുങ്ങിയും അറച്ചും വിറച്ചും ഒക്കെയാണ് അവിടേക്ക് ചെന്നത്.
എന്നാൽ എല്ലാം അസ്ഥാനത്തായിരുന്നു.
മര്യാദയും, വിനയവും, അച്ചടക്കവും, അനുസരണ ശീലവും ഒക്കെ പ്രത്യേകമായി പഠിപ്പിച്ചെടുത്ത കുട്ടികളെപ്പോലെയായിരുന്നു എന്നും മുന്നിൽ കണ്ട നീണ്ട നിര.
ആർക്കും അക്ഷമയോ, അസ്വസ്ഥതയോ, അസഹ്യതയോ ഉള്ളതായി തോന്നിയിട്ടില്ല.
എന്നെങ്കിലും ബസ് അല്പം ലേറ്റ് ആയാൽ ക്യൂവിലുള്ളവർ ബസ്സ് സ്റ്റോപ്പിൽ വന്നു കാത്തു നിൽക്കും.
സ്റ്റോപ്പിൽ ഇറങ്ങിയാൽ പിന്നെ മുന്നിലും പിന്നിലും ഇരുവശങ്ങളിലും സർക്കാർ ഏർപ്പാടാക്കിയ സെക്യൂരിറ്റികളെ വെല്ലുന്ന വിധത്തിലുള്ള സംരക്ഷണമാണ് ഔട്ട് ലറ്റിൽ എത്തും വരെ.
എത്തിയാലും എന്തു സഹായത്തിനും അഹമഹമികയാ മുന്നിലെത്തും.
കൂട്ടത്തിൽ ആരേലും അക്ഷമരായാൽ കേൾക്കാം പതിയെ ഉള്ള മറുപടി.
"നിലത്ത് അടങ്ങി നില്ലെടാ...സാറ് കണക്ക് നോക്കട്ട്..."
ജോലിക്ക് വലിയ ഗമയൊന്നുമില്ലെങ്കിലും ഇത്ര സുരക്ഷിതത്വം മറ്റെങ്ങുനിന്നും പ്രതീക്ഷിക്കേണ്ടതില്ല.
അനുപ്രിയ ടീച്ചർ ഓരോന്നോർത്തിരിക്കെ ക്ലാസിൽ കുട്ടികൾ നിറഞ്ഞു. രണ്ട് ബി യിലെ ആരവം കാക്കക്കൂട്ടിൽ കല്ലിട്ടമാതിരി തന്നെ.
കുട്ടികളെ അടക്കിയൊതുക്കി ഇരുത്താൻ ടീച്ചറുടെ നാവിനു കെല്പില്ല, ഉറപ്പാണ്.
നല്ലൊരു വടിയുമായി കുട്ടികളുടെ ഇടയിൽ ചെന്നു വിരട്ടണമെന്നുണ്ട്, പറ്റില്ല. വടി നിയമത്തിന്റെ മുന്നിൽ ഡമോക്ളസിന്റെ വാളാണ്. ഏതു സമയത്തും ആപത്തു സംഭവിക്കാം.
രണ്ട് ബി യിലെ പക്ഷിക്കൂട്ടങ്ങളുടെ ചിലപ്പിനെ അതിജീവിച്ചുകൊണ്ട് എന്തേലും മിണ്ടാൻ അനുപ്രിയ ടീച്ചർ വിഷമിച്ചു.
അപ്പോഴാണ് മറ്റൊരു ടീച്ചർ വന്നറിയിച്ചത്.
"ടീച്ചർ, ഇന്ന് ലഹരി വിരുദ്ധദിനമാണ്. പ്ലക്കാർഡുകൾ തയ്യാറായിട്ടുണ്ട്. അടുത്ത ബെല്ലിന് നമ്മൾ കുട്ടികളെ കവലവരെ റാലിക്കു കൊണ്ടു പോകേണ്ടതുണ്ട്.
പി.റ്റി.എ..യിലെ ചില രക്ഷിതാക്കളും എത്തിയിട്ടുണ്ട്."
