കുറ്റബോധത്തിൽ നിന്നും പ്രായശ്ചിത്തത്തിലേക്കുള്ള ദൂരം.

Readers Ink

കുറ്റബോധത്തിൽ നിന്നും പ്രായശ്ചിത്തത്തിലേക്കുള്ള ദൂരം.


സൗഹൃദം, വിശ്വാസം, വഞ്ചന, കുറ്റബോധം, മോചനം-മനുഷ്യജീവിതത്തിലെ ഏറ്റവും ആഴമുള്ള വികാരങ്ങളെ ഹൃദയത്തിൽ തൊടുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു കൃതിയാണ് ഖാലിദ് ഹൊസൈനിയുടെ പട്ടം പറത്തുന്നവൻ. അപ്രതീക്ഷിതമായി സംഭവിച്ച ഒരു വീഴ്ച. അത് കാലങ്ങളോളം ഒരുവനെ വേട്ടയാടുന്നു. ആ കുറ്റബോധത്തിൽ നിന്നും പശ്ചാത്താപത്തിലേക്കുള്ള ഒരു മനുഷ്യന്റെ ദൂരമാണ് ഈ പുസ്തകം. വായനക്കാരന്റെ മനസ്സിനെ ഉലയ്ക്കാൻ തക്കവിധത്തിലുള്ള കഥകൾ പറയുന്ന ഒരു മാന്ത്രികനെന്ന് ഖാലിദ് ഹൊസൈനിയെ വിശേഷിപ്പിക്കാം.

1970-കളിലെ സുന്ദരമായ കാബൂൾ സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു. അവിടെയുള്ള അമീർ, ഹസൻ എന്നീ രണ്ട് കുട്ടികളുടെ സങ്കീർണ്ണമായ സൗഹൃദബന്ധമാണ് നോവലിന്റെ ഇതിവൃത്തം. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിരുന്ന 'ഗുഡിപരൻ ബാസി' എന്ന 'പട്ടം പറത്തൽ' അക്കാലത്തെ ദേശീയ വിനോദവുമായിരുന്നു. ഗുഡിപരൻ ബാസിയിൽ രണ്ട് പ്രധാന ആളുകൾ ഉണ്ട്: ​പട്ടം പറത്തുന്നയാളും നൂൽ പിടിക്കുന്നയാളും. കൈവശമിരിക്കുന്ന ചർക്കയിൽ നിന്ന് നീളമേറിയ നൂൽ പട്ടത്തിന് കൃത്യമായി വിട്ടുനൽകുന്ന സഹായിയാണ് രണ്ടാമൻ.

'കൈറ്റ് റണ്ണേഴ്സ്' അഥവാ പട്ടം പിടുത്തക്കാർ മത്സരത്തിൽ നൂൽ മുറിഞ്ഞ് താഴേക്ക് വീഴുന്ന പട്ടങ്ങൾക്ക് പിന്നാലെ ഓടി അവ കൈക്കലാക്കുന്നവരെയാണ് 'കൈറ്റ് റണ്ണേഴ്സ്' എന്ന് വിളിക്കുന്നത്. ഒരു പട്ടം നിലം തൊടുന്നതിന് മുൻപ് പിടിച്ചെടുക്കുന്നത് വലിയൊരു അംഗീകാരമായി കണക്കാക്കിയിരുന്നു. 'പട്ടം പറത്തുന്നവൻ' എന്ന നോവലിലെ ഹസ്സൻ ഇത്തരത്തിൽ ഒരു സമർത്ഥനായ പട്ടം പിടുത്തക്കാരനായിരുന്നു.


Related Articles