കുരുക്ക്

Readers Ink

കുരുക്ക്


കാറ്റ് മലമടക്കുകളിൽ തട്ടി തിരികെ വീശുന്നുണ്ടായിരുന്നു. താഴെ മൂടൽമഞ്ഞിൽ മറഞ്ഞുകിടക്കുന്ന അഗാധമായ താഴ്‌വര.

"നവംബറിൽ മഴ പെയ്യുമോ?" അവൻ കൊക്കയുടെ വക്കിലേക്ക് കഴുത്തുനീട്ടിക്കൊണ്ട് ചോദിച്ചു. ചോദ്യം അവളോടായിരുന്നില്ല, വെറുതെ കാറ്റിനോട് ചോദിച്ചതാണ്.

അവൾ ഉത്തരം പറഞ്ഞില്ല. അവളുടെ കണ്ണുകൾ അവൻ്റെ കാലുകളിലായിരുന്നു. അവൻ നിൽക്കുന്ന പാറയുടെ അരികിൽ നിന്ന് താഴേക്ക് കൃത്യം മുന്നൂറ്റിയൻപത് അടിയുണ്ടെന്ന് അവൾക്കറിയാം.

ഒരു മനുഷ്യനെ അപ്രതീക്ഷിതമായി പിന്നിൽനിന്നു തള്ളുമ്പോൾ, ആത്മരക്ഷാർത്ഥം അയാൾ മുന്നിലുള്ളതെന്തിലും കയറിപ്പിടിക്കും. താഴേക്ക് പതിക്കുന്ന അവൻ്റെ അവസാനത്തെ വെപ്രാളത്തിൽ അവൾ ഒരിക്കലും അവനു കൈയെത്തുന്ന ദൂരത്ത് ഉണ്ടാവാൻ പാടില്ല. അതുകൊണ്ടാണ് അവൾ എങ്ങനെ പെട്ടെന്ന് താഴെയിരിക്കണമെന്ന് പള്ളിമൂലയിലെ ഒഴിഞ്ഞ പറമ്പിൽവെച്ച് അവർ പലവട്ടം പരിശീലിച്ചത്. അവളുടെ ആ കുനിഞ്ഞിരിപ്പ് ഒരേസമയം പിന്നിലെ പഴയ ടിക്കറ്റ് കൗണ്ടറിൻ്റെ മറവിൽ ഒളിച്ചുനിൽക്കുന്നയാൾക്കുള്ള അടയാളവും അവൾക്കുള്ള രക്ഷയുമാണ്.


Related Articles