കുടിയന്റെ വീട്

Readers Ink

കുടിയന്റെ വീട്


കുടിയന്റെ വീടൊരു കടഞ്ഞ വേദന.
പണി കഴിഞ്ഞുവന്ന്  
ഉച്ച തണിയുന്ന നേരത്ത് 
കറ കുറഞ്ഞ മുണ്ടും ഉടുത്ത് 
വീടിൻ്റെ പാതി ഇറങ്ങിപ്പോകും.

 ഇത്തിരി പുളി...
മീൻ എന്തെങ്കിലും...
അരി മറക്കരുതേ...
എന്ന് ഒരു ഇടർച്ച  
ഇഷ്ടികവിടവിലൂടെ പുറത്തുവന്ന്
അയാളുടെ പോക്കിനെ പടിക്കലോളം പിന്തുടരും.

പണി മുടിയാത്ത വീടകത്തിൽ
പലതും സ്ഥാനം മാറിക്കിടക്കും.   
പണിതിട്ടില്ലാത്തതിനാൽ അടുക്കള 
പലതായി മുറിഞ്ഞ് പലയിടത്തിരിക്കും.
കിടപ്പുമുറി എന്ന് പേരിട്ടിടത്ത് 
പ്രളയാശ്വാസത്തിൽ വന്ന
ഗ്യാസ് സ്റ്റൗ നീറിയെരിയും.

ഇല്ലായ്മ നിറഞ്ഞ സിങ്കിൽ
നീന്താൻ ഇടമില്ലാഞ്ഞിട്ട്  
തേച്ചു മോറാനുള്ള പാത്രങ്ങൾ  
ചേതിയരികിൽ ഉണങ്ങും.
വക്ക് പൊട്ടിയ ഓറഞ്ച് വട്ടയിൽ
ഇത്തിരി വെള്ളം  
എച്ചിലിൻ്റെ ജ്ഞാനസ്നാനത്തിന്.


Related Articles