ഇരുണ്ടുമൂടി കനത്തു പെയ്യുന്ന കറുത്ത മഴ. കുട ചൂടുവാൻ നിന്നതേയില്ല ഞാൻ. ഭൂതകാലപിറുപിറുക്കലുകൾ പോലെ നിറഞ്ഞുതൂവുന്ന എന്റെ കണ്ണുകൾ ആരും കാണാതിരിക്കട്ടെ. സംക്രമണരോഗാവസ്ഥയിലാണ് കാലം. മുഖാവരണവും അനുഗ്രഹമെന്ന് തോന്നി. വിതുമ്പുന്ന ചുണ്ടുകളെ അവ എത്ര ഭംഗിയായി മറച്ചിരിക്കുന്നു! ജനക്കൂട്ടമില്ല. ആശ്വാസം. ദുരിതപ്പറച്ചിലുകൾക്ക് അറുതി വരുമല്ലോ. അടക്കിപ്പിടിച്ച തേങ്ങലുകൾ ഉയരുന്ന മൂലകൾ, വരാന്തകൾ, മുറ്റങ്ങൾ. വലിച്ചുകെട്ടിയ കരിനീല ടാർപ്പായയ്ക്കുള്ളിൽ കാലുകൾ തുരുമ്പിച്ചുതുടങ്ങിയ നീളമുള്ള ബെഞ്ചിൽ കിടത്തിയിട്ടുണ്ട്. ഞണ്ടിറുക്കിക്കൊന്നുകളഞ്ഞ മുഖത്തിൻ നേർക്കെന്റെ കണ്ണൊന്നു പാളി. ശ്വേതനിറമാർന്ന മുഖവും നിലാവിന്റെ ചിരിയും ഓർമ്മയിൽ ഓടിക്കിതച്ചെത്തി. ഒരുവേള, ചിതയിൽ നിന്നുമവൾ ചിരിച്ചുകൊണ്ട് എഴുന്നേൽക്കുമെന്നെന്റെ മനസ്സ് പിടച്ചു. പൊടുന്നനെ, മരണത്തിന്റെ ഇരുണ്ട തണുപ്പ് എന്നെ കിതച്ചുകൊണ്ട് പൊതിഞ്ഞുപിടിച്ചു. വിളറിവെളുത്തിരുന്ന കൈയിൽ ആരോ കെട്ടിയ കറുത്ത ചരട് വാഴയിലയിൽ കിടത്തും മുൻപ് പിശ്ശാങ്കത്തി കൊണ്ട് അറുത്തുമാറ്റി. രോഗശാന്തിക്കായി അമ്പലനടയിൽ യാചിച്ചു കെട്ടിയതാവണം.
രോഗശാന്തി കിട്ടിയല്ലോ!
ചിതയൊരുങ്ങും മുൻപേ കാല്പാദങ്ങളിൽ നമസ്കരിച്ചപ്പോൾ, എള്ളും പൂവും സമർപ്പിച്ചപ്പോൾ, പാദങ്ങളിലെ തണുപ്പ് എന്നോട് മന്ത്രിച്ചു കൊണ്ടേയിരുന്നു: "എനിക്ക് ഒന്നുമില്ല കുട്ടീ! ഞാൻ പോയിവരട്ടെ!"
