ക്ഷണികമായ അസ്തിത്വത്തോടുള്ള പ്രാർത്ഥന

Readers Ink

ക്ഷണികമായ അസ്തിത്വത്തോടുള്ള പ്രാർത്ഥന


ഈ നോവലിൻ്റെ കഥാസംഗ്രഹം ചോദിച്ചാൽ ഇങ്ങനെ പറയാം: ഭൂമിയെ തൊണ്ണൂറ് മിനിറ്റ് ഇടവേളകളിൽ ഒരു തവണ വീതം ചുറ്റുന്ന ഒരു ബഹിരാകാശനിലയത്തിന്റെ ജനാലയിലൂടെ നോക്കുന്ന ആറ് മനുഷ്യരുടെ ഇരുപത്തിനാല് മണിക്കൂറിൻ്റെ കഥ. ഓ, അതിലെന്ത് കഥയെന്ന് തോന്നാം. പക്ഷേ സമാന്ത ഹാർവിയുടെ ഓർബിറ്റൽ വായിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നത്, ഈ ലോകത്തിലെ ഏറ്റവും വലിയ കഥകൾ ചിലപ്പോൾ ഒരു ജനാലയിലൂടെ കാണുന്ന ഒരു നിശ്ശബ്ദ നോട്ടത്തിലാണ് ഒളിഞ്ഞിരിക്കുന്നത് എന്നാണ്.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പതിനാറ് സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും കാണുന്ന ആറ് ബഹിരാകാശ സഞ്ചാരികളിലൂടെയാണ് ഈ നോവലിൽ നാം ലോകത്തെ കാണുന്നത്. മനുഷ്യൻ വരച്ചുചേർത്ത അതിരുകളില്ലാത്ത, മേഘങ്ങളാൽ പൊതിഞ്ഞ, സമുദ്രങ്ങളാൽ സമൃദ്ധമായ ഭൂമിയുടെ അതിമനോഹരമായ വിവരണങ്ങൾ വായനക്കാരുടെ മനസ്സിൽ ഒരു ചിത്രം പോലെ തെളിയും.

ഭൂമി താഴെ കറങ്ങുന്നു; അവിടെ നീല സമുദ്രങ്ങൾ, മഞ്ഞുമലകൾ, മരുഭൂമികൾ, നഗരങ്ങളുടെ വെളിച്ചം, ഒരു ചുഴലിക്കാറ്റിന്റെ തിരമാലകൾ. മുകളിൽ, ഭാരരഹിതരായ ആറ് മനുഷ്യരുടെ ഹൃദയങ്ങൾ; ഒരു ജാപ്പനീസ് സ്ത്രീയുടെ മാതാവിന്റെ മരണവാർത്ത, ഒരു അമേരിക്കൻ ക്രിസ്ത്യാനിയുടെ ദൈവവിശ്വാസം, ഒരു ഇറ്റാലിയൻ യാത്രികന്റെ ഓർമ്മകൾ, റഷ്യൻ കോസ്മോനോട്ടുകളുടെ നിശ്ശബ്ദത. അവരുടെ വ്യത്യസ്ത ഭാഷകൾ, സംസ്കാരങ്ങൾ, ഓർമ്മകൾ ഒരേ കാപ്സ്യൂളിനുള്ളിൽ കൂടിക്കലരുന്നു. ഭൂമിയെ അകലെനിന്ന് നോക്കുമ്പോൾ മനുഷ്യരുടെ അതിർവരമ്പുകൾ എത്ര നിസ്സാരമാണെന്ന് തോന്നിപ്പിക്കുന്ന ഒരു അത്ഭുതകരമായ ദൃശ്യം.


Related Articles