കോഴിക്കോടില്ലെങ്കിൽ

Readers Ink

കോഴിക്കോടില്ലെങ്കിൽ


കോഴിക്കോടിനെ പ്രണയിക്കുമ്പോൾ
നിങ്ങൾ മിഠായിത്തെരുവിൽ പോകണം.
മധുരമല്ലാത്തതെങ്കിലും നുണയണം.
പാളയത്തു പോകണം.
പഴത്തോടിൽ കാല്‍വഴുതി വീഴണം.
മാനാഞ്ചിറഞ്ചിറയില്‍പ്പോകണം.
ഉപ്പിലിട്ടതല്ലാത്തൊരു സ്വപ്നം
കടിച്ച് ചുണ്ടുകൾ കോട്ടണം.
കടപ്പുറത്തു പോകണം.
'പ്രണയത്തോട് തോറ്റ കടലേ'എന്ന്
തിരകൾ കാണാതെ പോരണം.
ക്രൗണില്‍ക്കയറണം.
തിരശ്ശീല കണ്ടിറങ്ങണം.
ടൗൺഹാളില്‍ക്കയറണം.
ഒഴിഞ്ഞ ഹാളിൽ ഗസലിന്‍റെയീണം
അടക്കിപ്പിടിച്ച കരച്ചിൽ കേൾക്കണം.
നാടകമൊന്നും കാണരുത്,
നീ നല്ല മനിശനാകാൻ നോക്ക്
എന്നു മന്ത്രിക്കണം.
ഓട്ടോറിക്ഷയിൽ കയറരുത്
കൊട്ടാരം റോഡിലേക്ക്
പാഞ്ഞുപോകണം.
എം ടിയെ കാണരുത്,
കോഴിക്കോടിനെന്നുമിഷ്ടം
കോഴിക്കോടിനെ മാത്രമാണെന്നു പറയണം.
അലഞ്ഞലഞ്ഞ് പ്രണയം
മിഠായിത്തെരുവിലേക്ക് മടങ്ങണം.
എസ് കെ പൊറ്റക്കാടിന്
തെരുവിന്‍റേതല്ലാത്തൊരു കഥയെഴുതണം.
ആകാശവാണിയില്‍പ്പോകണം
കക്കാടിനേയും കൊടുങ്ങല്ലൂരിനേയും
അക്കിത്തത്തേയും കണ്ട്
പേര് കോഴിക്കോടനെന്നാക്കാൻ
നിർബന്ധിക്കണം.
കുതിരവട്ടത്തോ 
തിക്കോടിയനിലോ പോകണം
തമാശയൊട്ടുമോർക്കരുത്.
വൈലാലിൽ പോകാൻ
പ്രേമലേഖനം വായിക്കരുത്.
സോജാ രാജകുമാരീയെന്നു കേൾക്കണം.
കോഴിക്കോടിനെ പ്രണയിക്കുമ്പോൾ
നിങ്ങൾ കോഴിക്കോടേ പോകരുത്.
കോഴിക്കോട് നിങ്ങളിലെത്തണം.

Summary: Kozhikkodillenkil, poem by Rajan C H


Related Articles