കോട്ടയം നഗരത്തിന്റെ മധ്യത്തിൽ സ്വയം നിറം മറന്നുകൊണ്ടിരിക്കുന്ന പഴയ മൂന്നുനില കെട്ടിടത്തിലെ, പ്രായം ചെന്ന ഫയലുകൾക്കും ചിത്രങ്ങൾക്കും ഒത്ത നടുവിലെ ഒട്ടും പുതുമതൊടാത്ത ആ മുറിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങൾക്കുറച്ചായി.
പണ്ടെന്നോ പരസ്യചിത്രങ്ങൾ ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യന്റെ ഓഫീസാണിതെന്നു പറയുകയേയില്ല. നീളൻ മുറിയ്ക്കുള്ളിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകളിൽ നാൽപതു വർഷങ്ങളുടെ ഓർമ്മയുടെ പൊടിപടലങ്ങളാണ്. അതെല്ലാം ചരിത്രമെന്നപോലെ നാഗമ്പടത്തെ മഞ്ഞിച്ച മതിലിൽ ചാരി നിന്ന് വലിച്ചു പകുതിയായ സിഗരിറ്റിന്റെ സാന്നിധ്യത്തിൽ മാത്യൂസ് പറഞ്ഞിരുന്നു.
ഒരുപാട് പേർ ജോലിചെയ്തു തളർന്നുറങ്ങിയിരുന്ന ആ കസേരകളിന്നൊഴിഞ്ഞിരിക്കുയാണ്. അതിൽ ഇരുപ്പുറപ്പിച്ചു വിടവാങ്ങിയവരൊക്കെ ചിലപ്പോൾ മരിച്ചിട്ടുണ്ടാവാം, അല്ലെങ്കിൽ മറ്റേതെങ്കിലും കാലപ്പഴക്കം ചെന്ന കസേരയുടെ മടിയിലെ തിരക്കിലേയ്ക്കോ തിരക്കില്ലായ്മയിലേയ്ക്കോ അമർന്നിരുന്നിരുന്നിട്ടുണ്ടാവാം. അങ്ങനെ ഒഴിഞ്ഞു പോയി.. ഒഴിഞ്ഞു പോയി.. ആരുടെയോ തിരക്കില്ലായ്മയുടെ ഒഴിവിലേക്ക് ഒരിക്കൽ വന്നിരുന്നു തുടങ്ങി.
