ഒരു മലയാള നോവലിന്റെ പശ്ചാത്തലമാവാൻ കാത്തിരുന്നതുപോലെ കർണ്ണാടകയിലെ ദേശങ്ങൾ സമൃദ്ധമായി 'കൂർമ്മ'ത്തിൽ നിറയുന്നു. മനോഹരമായ ഭാവനകൊണ്ട് കെ. എൻ പ്രശാന്ത് കൊള്ളയടിച്ച പ്രദേശങ്ങൾ തങ്ങളുടെ കാടും കടലും നൽകി വായനക്കാരെ സൽക്കരിക്കുമ്പോൾ ഭാഷയുടെ മാജിക് അതിനെ കുട ചൂടിച്ച് കൊണ്ടുപോകുന്നു.
കാടുപോലെ തോന്നിക്കാനുള്ള ഉന്മാദം കടലിനും കടലുപോലെ തോന്നിക്കാനുള്ള ഉന്മാദം കാടിനും പകുത്തുകൊടുത്താണ് കൂർമ്മത്തിന്റെ എഴുത്തുകാരൻ വായനക്കാരെ നോവലിലൂടെ സഞ്ചരിപ്പിക്കുന്നത്.
'ഈസാ യൂസഫ്' എന്ന അന്വേഷകനാണ് കഥകളുടെ വെറ്റിലകൾക്ക് ചുണ്ണാമ്പ് തേക്കുന്നത്. തുടർന്ന് അയാളുടെ വിചിത്രമായ അന്വേഷണം വായനക്കാരെ ഏൽപിക്കുകയാണ് എഴുത്തുകാരൻ!
അന്വേഷണാത്മകത കഥകളിലും പുരാവൃത്തങ്ങളിലും സംഭവങ്ങളിലും ചെന്നുതട്ടുമ്പോൾ വായന നിർത്താൻ നമുക്കാവില്ല. ഒടുവിൽ കോടിക്കണക്കിന് അതിരുകളുള്ള ഈ ലോകത്ത്, അതിലൊന്നും പെടാത്ത ശാന്തമായ ഒരു കടൽത്തീരത്ത്, ദരിദ്രമായ ഒരു തെരുവിൽ, നിസ്സഹായനും മുടന്തനുമായ രക്ഷൻ്റെ കഥകൾ നാം കേൾക്കുന്നു.
