അതൊരു ഇടുങ്ങിയ വഴി ആയിരുന്നു. ഒരാൾക്ക് ഓരം ചേർന്ന് നടന്നു പോകാവുന്ന വഴി. ഒരു വശം പാടം ഇടുങ്ങി കുഴി ആയി മാറിയ ചതുപ്പ്. പ്ലാസ്റ്റിക് കവറുകളിൽ പലവീടുകളിലേയും വേസ്റ്റ് വസ്തുക്കൾ അവിടെയിടും. വെള്ളത്തിൽ കിടന്നു ചീഞ്ഞളിഞ്ഞ ആ നാറ്റം മറികടക്കാൻ മുണ്ടിന്റെ കോന്തല കൊണ്ട് മൂക്കുപൊത്തി പിടിക്കണം. ടോർച്ച് അടിക്കാതെ ആ വഴി പോകാനേ പറ്റില്ല, ഇല്ലെങ്കിൽ ശബ്ദത്തോടെ കാലെടുത്ത് പൊക്കി വെക്കണം. പാമ്പ് എലി തുടങ്ങിയവയുടെ വിഹാര കേന്ദ്രം കൂടിയായിരുന്നു ആ വഴി.
നട്ടപ്പാതിര ആകാതെ വീടെത്താൻ അങ്ങോർക്ക് കഴിയില്ലല്ലോ എന്നു തുടങ്ങുന്ന പ്രാക്ക് ആ വഴിയിലേക്ക് ടോർച്ച് അടിക്കുമ്പോൾ തന്നെ രാഘവൻ കേട്ടു തുടങ്ങും. കക്ഷത്തൊരു പൊതിയും ഒരു കൈ കൊണ്ട് ചുരുട്ടിപ്പിടിച്ച മുണ്ടും ചുണ്ടിൽ കത്തിച്ചു നിർത്തിയ ബീഡി ഇറയത്ത് കുത്തിയിണച്ചു നിന്നുള്ള അയാളുടെ ചിരി കണ്ടാലേ നളിനിക്ക് പക്ഷെ സമാധാനമാകൂ. സ്നേഹം എന്ന് നിർബന്ധമാണ് അവരിൽ ഇങ്ങനെ നിറഞ്ഞുനിൽക്കുന്നത്. അറപ്പോടെ സദാചാരവാദികൾ പരിഹസിച്ചാലും പുല്ലുവില കൽപ്പിക്കാതെ അവർ പരസ്പരം പ്രാകി സ്നേഹിക്കുന്നുണ്ട്.
കൂട്ടുകിടക്കാൻ എത്തുന്ന പട്ടികളെ ആട്ടിപ്പായിച്ച് ഇന്നും വിളക്കണക്കാതെ ദൂരേക്ക് അവൾ നോക്കിയിരുന്നു. ആ വീട്ടിലേക്കുള്ള വരവ് കാരണങ്ങളില്ലാതെ അയാൾ മുടക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ ആ രാത്രിയിലെ വരവ് കുറേയധികം ദിവസങ്ങൾക്ക് ശേഷമായിരുന്നു. അങ്ങ് ദൂരെ ഒരു പൊടിവട്ടം തെളിഞ്ഞതും ഓടി അകത്തു കയറി മുടി ചീകിക്കെട്ടി മുറിയിൽ ഒരു ചന്ദനത്തിരി കത്തിച്ചു. ദൂരെ നിന്നും ആ വെട്ടം വലുതായി. അവളുടെ കണ്ണിലേക്കും നെഞ്ചിലേക്കും വയറിലേക്കും കൂർപ്പിച്ച് അടിച്ചു കൊണ്ട് രാഘവൻ ബീഡി ചുണ്ടിൽ നിന്നും തുപ്പിക്കളഞ്ഞ് ഇറയത്തേക്ക് കയറി. പരിഭവക്കെട്ടുകൾ തെറിയോടെ ആയിട്ടും ഒരു ചിരി അവളുടെ കണ്ണിൽ നിറഞ്ഞു നിന്നു.
