ചത്തുപോയവർ കണ്ണടച്ച് കിടക്കണമെന്ന്
ജീവനുള്ളവർ വാശിപിടിക്കുന്നതെന്തിനാണ്?
മരണാനന്തര ജീവിതം
കാണാതിരിക്കാൻ
നാം അവരുടെ കണ്ണുകൾ
അടച്ചുവയ്ക്കുന്നു.
മൂക്കിൽ പഞ്ഞിവച്ച്
മണമില്ലാതെ, വായ്ക്കരിയിട്ട്
തൊണ്ടയടയ്ക്കുന്നു.
പ്രിയപ്പെട്ടവരെ
ചുംബനങ്ങൾകൊണ്ട് തിരിച്ചറിയൂ
എന്ന് ഗെയിം കളിപ്പിക്കുന്നു.
വിവാഹനാളിൽ
കണ്ണുകെട്ടി
ഇണയുടെ കൈകൾ തിരിച്ചറിയൂ
എന്ന് കളിപ്പിച്ചത് അവർ
ഓർത്തെടുക്കുന്നു.
മരിച്ച വീട്ടിലെ നിശ്ശബ്ദത
ശവങ്ങളെ ബധിരരാക്കും.
വലിച്ചുകെട്ടിയ താടിയെല്ലുകൾ
മൗനം ശീലിക്കും.
കൈകാലുകൾ ചലനം
കെട്ടിവയ്ക്കുന്നു.
തരിമണ്ണ് വീഴുമ്പോൾ ചൊറിയരുത്.
