സേവിയറിന്റെ കിണറ് മൂടണം. അതൊരു പൊതുവിഷയമാണ്. നാടെങ്ങും വെള്ളത്തിന് പഞ്ഞം നേരിട്ട് കൊണ്ടിരിക്കുമ്പോൾ സേവിയറിന്റെ കിണറ്റിൽ മാത്രം മൂക്കറ്റം വെള്ളം!. നാട്ടുകാർക്ക് കണ്ണുകടിയുണ്ടായി. സേവിയർ കമുകിൻ തോട്ടവും തെങ്ങുകളും രണ്ട് നേരം നനക്കുന്നു!. വളർത്ത് മൃഗങ്ങളെയും കന്നുകാലികളെയും രണ്ട് നേരം കുളിപ്പിക്കുന്നു.! സ്വയം കുളിക്കുന്നു.! അത് നാട്ടിലെ ചർച്ചാ വിഷയമായി. സേവിയറിന്റെ തെക്കേലെ തള്ള മരിച്ചപ്പോൾ സേവിയർ ഒരു തുള്ളി വെള്ളം കൊടുത്തില്ല!. അതൊരു വിവാദമായി. നാട്ടിലെ പൈതങ്ങൾ കളികഴിഞ്ഞ് ക്ഷീണിച്ച് ഒരിത്തിരി വെള്ളം കോരികുടിച്ചപ്പോൾ സേവിയറിന്റെ നായ കുട്ടികളെ കടിച്ചു. സേവിയർ ഒരു ബാലന്റെ ചെവി തിരിച്ച് നുള്ളി. കുട്ടിയുടെ ചെവി അന്ന് തൊട്ട് നീല നിറമായി. അതോടെ സേവിയറിന്റെ കിണർ ഒരു വൈകാരിക വിഷയമായി.
സേവിയറിന്റെ കിണറ് മൂടണം. അതൊരു രാഷ്ട്രീയ പ്രശ്നമാണ്. ഏത് രാഷ്ട്രീയ പാർട്ടിയാണോ കിണറ് മൂടുന്നത് അവർക്കാണിനി നാടിന്റെ നടത്തിപ്പവകാശം. അത് നാട്ടുകാർ ഒരുമിച്ച് കൊടുത്ത ഉറപ്പാണ്. ഭരണത്തിനകത്തുള്ളവരും പുറത്തുള്ളവരും വിഷയം സ്വീകരിച്ചു. നാട് കാലങ്ങളായി ഭരിക്കുന്നത് നാട്ടിലെ കിളവന്മാരാണ്. വോട്ടെടുപ്പിന് കിളവന്മാർ യുവാക്കളെ കല്ലെടുത്ത് എറിഞ്ഞോടിക്കും.
യുവാക്കളുടെ ഒരു സഖ്യം സേവിയറിന്റെ കിണറിനെ അവസരമാക്കിയെടുത്തു. അവർ കിളവന്മാരുടെ കസേര തെറിപ്പിക്കാൻ മുൻകാലത്തും ശ്രമിച്ചിട്ടുണ്ട്. യുവാക്കളിലെ പാരമ്പര്യവാദികൾ കിളവന്മാരാവാൻ കാത്തിരിക്കുന്നവരാണ്. അവരീ വിഷയത്തിൽ ഇടപ്പെട്ടില്ല.
