രാവിലെത്തന്നെ ആരാണപ്പായീ ഗെയ്റ്റ് തുറക്കുന്നത്? ഗെയ്റ്റ് നിലത്തുരയുന്ന അലോസര ശബ്ദം കേട്ടാണ് ദിവ്യ കർട്ടൺ മാറ്റി നോക്കിയത്. ഓ റസിയയായിരുന്നോ? കുറേ കാലമായിട്ടീ വഴി വരാത്തതാണല്ലോ, ഇന്നെന്തുപറ്റി?
മടിച്ചുമടിച്ചാണെങ്കിലും റസിയ കോളിംഗ്ബെൽ അടിക്കുന്നതിനും തൊട്ടുമുമ്പ് ദിവ്യ വാതിലുതുറന്നു. ഒരിക്കലും അവർക്കിടയിലൊരു പരിഭവവും ഉണ്ടായിട്ടില്ലെന്ന മട്ടിൽത്തന്നെയാണ് റസിയയുടെ നിൽപ്! ദിവ്യ ചിരിച്ചു. "ഇബളേ ഒരു ചോന്ന ചെമ്പരത്തിക്കമ്പ് തായോ."
വീണ്ടും ഗാർഡനിംഗ് തുടങ്ങിയോ എന്ന മട്ടിൽത്തന്നെ ദിവ്യയൊന്ന് തറപ്പിച്ച് നോക്കി. "എന്നെ നോക്കണ്ട, മ്മടെ ചങ്ങായീന്റെ കബറില്‍ വയ്ക്കാനാണ്. കഴിഞ്ഞ വെള്ളി ഇബ്ടത്തെ മൂപ്പര് പോയിനോക്കിയപ്പോ എല്ലാരടെ കബറും പൂത്തുനിക്കണ്. ഇച്ചെങ്ങായിടെ മാത്രം ഒണങ്ങിക്കരിഞ്ഞ്..... എത്ര മൈലാഞ്ചിക്കമ്പ് നട്ടതാ, ഒന്നും പിടിച്ചീല. ഇനിയിതൊന്നു നോക്കാലോ?"
ദിവ്യക്ക് പറയേണ്ടതെന്നറിയില്ലായിരുന്നു. അവളാകെ ശൂന്യയായിരുന്നു. എട്ടുക്കൊല്ലം മുമ്പാണ് അവരിവിടെ വീടു വച്ചത്. ഒരു പത്ത് സെന്റ് സ്ഥലമായിരുന്നു. ഏകദേശം കേരളത്തിന്റെ ഭൂപടം പോലെ തോന്നിക്കുന്നത്. കുറ്റിയടിക്കാൻ വന്നവരൊക്കെ ശ്രദ്ധിച്ചതും അതു തന്നെയായിരുന്നു. റസിയയുടെ വീടിന്റെ അതിർത്തിയും ഞങ്ങളുടെ വീടിന്റെ അതിർത്തിയോട് ചേർന്നായിരുന്നു. അവിടെയാണീ തെങ്ങുംതൈ വച്ചിരുന്നത്.
