രാവിലെ പത്തുമണിയോടെ അനീറ്റ സ്വപ്നത്തിൽ നിന്നും ഉണർന്നു. അവൾ താൻ കണ്ട സ്വപ്നത്തെ ഉറക്കത്തിൽ നിന്നും വെട്ടിമാറ്റി ബോധത്തിലേക്ക് പതിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ്. സ്വപ്നത്തിന് നിറമുണ്ടായിരുന്നോ?? അതിന് വ്യക്തമായൊരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഒന്നുറപ്പുണ്ട് അവസാനത്തെ സീനിന് വർണങ്ങളുടെ അതിപ്രസരണം ഉണ്ടായിരുന്നു. അതിതീവ്രമായ മഴക്കാറുള്ള ദിവസത്തിന്റെ വെട്ടമേ അന്തരീക്ഷത്തിന് ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടായിരിക്കും നിറങ്ങളുടെ കാര്യത്തിൽ അത്ര വ്യക്തത വരാത്തത്.
പക്ഷേ സംഭവങ്ങളും മാനസിക വിചാരങ്ങളും വ്യക്തമാണ്. സ്വപ്നത്തെ അവൾ കോർത്ത് തുടങ്ങി, ആ അരണ്ട വെട്ടത്തിൽ താൻ പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുന്നേ പഠിച്ചിരുന്ന യു പി സ്കൂളിലേക്ക് സൈക്കിളിൽ പോവുകയാണ്. ആ പഴയ സ്കൂളിലേക്കുള്ള വഴിയെക്കുറിച്ച് അവൾ ഓർത്തു. വീട്ടിൽ നിന്നും യു പി സ്കൂളിലേക്ക് ബസ് സർവീസുള്ള, എസ് ആകൃതിയിൽ ഒരു വഴിയുണ്ടായിരുന്നു. അതായിരുന്നു നാട്ടുകാർ വിളിച്ചിരുന്ന 'നേരായ വഴി'. എന്നാൽ അനീറ്റയും കൂട്ടുകാരും 'കുരുക്ക് വഴി'യെന്നും പറഞ്ഞ്, ഒരുപാട് ചുറ്റി തിരിഞ്ഞ് ഒരു വന്യമായ വഴിയിലൂടെ, കുത്തനെയുള്ള ഇറക്കം ഇറങ്ങിയും കയറ്റം കയറിയും ചാടി തുള്ളി പോവുകയായിരുന്നു പതിവ്.
എന്നാൽ ആ രണ്ട് വഴിയുമായിരുന്നില്ല സ്വപ്നത്തിലെ വഴി. ഒരു നേർരേഖ. ചുറ്റും ചെറിയ ഉരുളൻ കല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു വലിയ പുഴ വറ്റിപ്പോയതാകാം. വലിയ പുഴയ്ക്കും കായലിനും കടലിനും മരുഭൂമിക്കുമെല്ലാം പൊതുവേ ഒരു പ്രശ്നമുണ്ട്. അവ നമ്മുടെ ദൂരത്തെ കുറിച്ചുള്ള ബോധത്തെ വട്ടം കറക്കും. ദൂരെ ഒരു മിന്നലടിച്ചാൽ അത് നമ്മുടെ തൊട്ടടുത്താണ് വീണ് പതിക്കാൻ പോവുന്നത് എന്ന ഭയമുണ്ടാക്കും. അത് അനീറ്റയുടെ ഉപബോധമനസ്സിനും അറിയാം. അവൾ അതിന്റെ കളിപ്പിക്കലിന് നിന്ന് കൊടുക്കാതിരിക്കാൻ ഗൂഗിൾ മാപ്പിനെക്കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നു.
