കെട്ട കാലത്ത് അനീതിക്കെതിരെയുള്ള ചോദ്യം ചെയ്യലുകൾ

Readers Ink

കെട്ട കാലത്ത് അനീതിക്കെതിരെയുള്ള ചോദ്യം ചെയ്യലുകൾ


ഷീബ ഇ.കെ.യുടെ  “ഇരുപതു വർഷങ്ങൾക്കു ശേഷം” എന്ന കഥാസമാഹാരം വായിച്ചപ്പോൾ സമൂഹത്തോടുള്ള എഴുത്തുകാരുടെ പ്രതിബദ്ധതയെക്കുറിച്ച് വീണ്ടുമൊരു വിചാരമുണ്ടായി. പത്ത് കഥകളടങ്ങിയ ഈ സമാഹാരത്തിലെ ഓരോ കഥയും വ്യത്യസ്തമായ വിഷയങ്ങളാണ് ചർച്ചയ്‌ക്കെടുക്കുന്നത്. വിഷയങ്ങളിലെ ഈ വൈവിധ്യമാണ് പുസ്തകത്തിന്റെ പ്രധാന സവിശേഷത. എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളും കെട്ടകാലത്ത് അനീതിക്കെതിരെയുള്ള ചോദ്യം ചെയ്യലുകളും ഈ കൃതിയെ മനോഹരമാക്കുന്നു.

കഥാകൃത്തിനും വായനക്കാർക്കും ഒരേ വിചാരത്തിലൂടെയോ വൈകാരികതലത്തിലൂടെയോ സഞ്ചരിക്കാൻ കഴിയുന്നത് എഴുത്തിൽ സംഭവിക്കാവുന്ന വലിയൊരു അത്ഭുതമാണ്. പലപ്പോഴും കഥയെഴുത്തും വായനയും പ്രവചനാതീതമായ മറ്റനേകം സാധ്യതകളിലൂടെയാണ് കടന്നുപോകുന്നത്. വെച്ചുകെട്ടുകളോ ഒളിച്ചുകടത്തലുകളോ ഇല്ലാത്ത നേർരേഖയിലുള്ള സാധാരണ കഥകളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഒളിച്ചുകടത്തുന്ന രാഷ്ട്രീയം, തെറ്റായ പൊതുബോധത്തെ കീറിമുറിക്കുന്ന കണ്ടെത്തലുകൾ, സദാചാര കുഴിയാനകളെ പരിഹസിക്കൽ എന്നിങ്ങനെ ചില സൂചനകളിലൂടെ മാത്രം സംവദിക്കുന്ന, ഇന്നത്തെ കാലം ആവശ്യപ്പെടുന്ന കഥകളെക്കുറിച്ചാണ്.

ഗാന്ധിജിയില്ലാത്ത സമകാലിക ഇന്ത്യയിൽ അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കുന്ന ഒരെഴുത്തുകാരിയുടെ സർഗ്ഗാത്മകമായ രാഷ്ട്രീയ ഇടപെടലാണ് “രാംനഗർ ചൗക്കി” എന്ന കഥ. 'അച്ഛനെ കാണാനില്ല' എന്ന പരാതിയുമായി പോലീസ് ചൗക്കിയിലെത്തുന്ന അറുപതുകാരനായ മകന്റെ അന്വേഷണം കേവലമൊരു കുടുംബനാടകമായിട്ടല്ല വായനക്കാരന് അനുഭവപ്പെടുക. ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ധാർമ്മിക പ്രതിസന്ധിയുടെ നേർച്ചിത്രമായി അത് മാറുന്നു. 


Related Articles