കവിതയിൽ സംവാദാത്മകതയുടെ രാഷ്ട്രീയം

Readers Ink

കവിതയിൽ സംവാദാത്മകതയുടെ രാഷ്ട്രീയം


2011 നും 2016 നുമിടയിൽ പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ പതിമൂന്ന് നീണ്ട കവിതകളുടെ സമാഹാരമാണ് 'ബിരിയാണിയും മറ്റു കവിതകളും'. ആ കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലങ്ങൾ, കവിയുടെ വായന എന്നിവ ഇതിലെ കവിതകളെ സ്വാധീനിച്ചിട്ടുണ്ട്.

പുതുകവിതകളുടെ പൊതുസ്വഭാവത്തിൽ നിന്ന് പി.എൻ.ഗോപീകൃഷ്ണനെ വ്യത്യസ്തനാക്കുന്നത് കവിതയിൽ അദ്ദേഹം ആവിഷ്കരിക്കുന്ന ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിരന്തര സാന്നിധ്യമാണ്. കഥാപാത്രങ്ങൾക്കും വായനക്കാരനുമിടയിൽ എഴുത്തുകാരൻ സ്വന്തം നിലപാടുകൾ അടിച്ചേൽപ്പിക്കാതെ പല കഥാപാത്ര വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന ഡേസ്റ്റോവിസ്കിയുടെ എഴുത്തുരീതിയെക്കുറിച്ചുള്ള ബക്തിന്റെ നീരീക്ഷണങ്ങൾ (ബഹുഭാഷകത്വം -Polyphony) ഗോപീകൃഷ്ണന്റെ കവിതയ്ക്കും ബാധകം തന്നെ. ഇവിടെ എഴുത്തുകാരന്റെ ആത്മഭാഷണമല്ല, പരസ്പരം പ്രതിപ്രവർത്തിക്കുന്ന പലരുടെ ഭാഷണങ്ങളാണ് നാം കേൾക്കുന്നത്. ആത്മഭാഷണം കൃതിയെ അടച്ചുകളയുകയും അത് പൂർണമാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാൽ ഗോപീകൃഷ്ണന്റെ കവിതകൾ സംവാദാത്മകമാണ്. അവ സുഹൃത്തിനോടോ, കാമുകിയോടോ അതുപോലെ ആരോടെങ്കിലുമോ ഉള്ള ഭാഷണങ്ങളാണ്. അതിൽ ഞാനല്ല, നമ്മളാണുള്ളത്. "കവികൾ പൊതുവെ ഞാൻ മാത്രമായി നിൽക്കുമ്പോൾ ഈ കവി ആൾക്കൂട്ടത്തിൽ കൂട്ടുകാരോടൊപ്പം, ചരിത്രത്തോടൊപ്പം, ഓർമ്മകളോടൊപ്പം നിരന്തരം സഞ്ചരിക്കുന്നു", എന്ന് പുസ്തകത്തിന്റെ പഠനത്തിൽ ഉമ്മർ ടി.കെ. അഭിപ്രായപ്പെടുന്നു.

"ഇതെഴുതുന്ന സമയത്ത് നാമെല്ലാവരും നേരിടുന്ന സാംസ്‌ക്കാരിക വെല്ലുവിളികൾ ചെറുതല്ല. അതിനാൽ ഈ കവിതകളെ വിരിയിച്ച അടുപ്പുകൾ ആശങ്കകളാലും ഭീതിയാലും രോഷത്താലും ചൂടുകൂടിയവ ആയിരുന്നു. അതിനാൽ അതിലെ വാക്കുകൾ കൂടുതൽ വറുത്തതോ കരിഞ്ഞതോ ആണ്" എന്ന് ആമുഖത്തിൽ കവി പറഞ്ഞുവെക്കുന്നു.


Related Articles