കസവ്   

Readers Ink

കസവ്  


രേഖീയമല്ലാത്ത തരം കാലത്തിലൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അയാൾ മരിച്ചപ്പോൾ ഏഴു നിറങ്ങൾ കൂട്ടിത്തയ്ച്ച കുപ്പായവും ചുവന്ന ചുരുളൻ മുടിക്കെട്ടുമായി അയാളുടെ കോമാളി അയലത്തെ പടയാളികൾ കത്തിച്ച കൊട്ടാരത്തിൽനിന്ന് പലായനം ചെയ്തു. ആ മനുഷ്യൻ കാലവും ദേശങ്ങളും താണ്ടി, അനിതരസാധാരണങ്ങളായ അനേകമനേകം ദിനരാത്രങ്ങൾ അതിജീവിച്ച് ഒരു താഴ്‌വരയിൽ താമസമാക്കി.

***

നട്ടുച്ചയ്ക്കാണ് കടൽ കാണാൻ പോകേണ്ടത്. കാഴ്ചക്കാരുടെ നെറുകയിൽ നിന്ന് ചൂടുള്ള വെളിച്ചം തിരമാലകളിൽ കടന്നുകയറി തീരത്ത് തൊട്ടും തൊടാതെയും ഉൾക്കടലിലേക്ക് ഒഴുകിയും ഒഴുകാതെയും ആ നീർപ്പരപ്പാകെ ചിതറിക്കിടക്കും. തിരയും കുതിർന്ന മണലും അവർക്കിടയിൽ അസംഖ്യം അതിർത്തികൾ തീർക്കും. ഓരോ സഞ്ചാരത്തിലും പുനർനിർണ്ണയിക്കപ്പെടുന്ന അതിർത്തികൾ.

വെളുത്ത കടലും മഞ്ഞിച്ച മണൽത്തിട്ടകളും തീർത്ത തികവില്ലാത്ത അതിരുകൾ ആദ്യം കണ്ട ദിവസം കാഞ്ചന കസവിന്റെ ഒരു കുഞ്ഞുടുപ്പ് തുന്നിത്തരാൻ അമ്മയോട് പറഞ്ഞു, അവർ അത് കേൾക്കാൻ നിന്നില്ല. തയ്ക്കാതെ കൂട്ടിവച്ച പേരു തന്നെ ഇല്ലാത്ത നിറങ്ങൾ അവരുടെ തുന്നൽമുറിയിൽ കുമിഞ്ഞുകൂടിയിരുന്നു.


Related Articles