"കാർത്തിക..." ദൂരെയെവിടെയോ നിന്ന് വെങ്കി എന്നെ പേരെടുത്തു വിളിക്കുന്നതുപോലെ തോന്നി. പക്ഷേ ചുറ്റും ആരെയും കണ്ടില്ല. ഹൃദയത്തിലേതോ ഒരു മുള്ളുകൊണ്ട് നീറുന്നതുപോലെ തോന്നി. മുന്നിലുള്ള കടലിന്റെ കാഴ്ചയെ മൂടൽമഞ്ഞു വന്ന് മറക്കുന്നപോലെ തോന്നിയപ്പോഴാണ് കണ്ണിൽ കണ്ണുനീർ ഉറഞ്ഞുകൂടുന്നുണ്ടെന്ന് മനസ്സിലായത്. വേഗം സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ച് തിരിഞ്ഞു റോഡിലേക്ക് നടന്നു.
രണ്ടു വർഷം കഴിയുന്നു, വെങ്കിയുടെ എന്തെങ്കിലും വിവരം കിട്ടിയിട്ട് . അവന്റെ അഭാവം ആദ്യമൊന്നും എന്നെയത്ര ബാധിച്ചില്ലെങ്കിലും പിന്നീട് എന്നിലൊരു അസ്വസ്ഥത പോലെ അവന്റെ ഓർമ്മകൾ നിലകൊണ്ടു. അവന്റെ കുസൃതിയൊളിപ്പിച്ച സംസാരം മണിരത്നം സിനിമയിലെ നായകന്മാരെ ഓർമിപ്പിച്ചിരുന്നു. കടുത്ത മണിരത്നം ആരാധികയായ ഒരു മലയാളി പെൺകുട്ടി അങ്ങനെയാണ് ഒരു തമിഴ് യുവാവുമായി അടുത്തത്.
ഏകദേശം എട്ടു മാസങ്ങൾക്കു മുൻപാണ്, ഒരു ഡേറ്റിങ് ആപ്പിലൂടെ ഞാനും വെങ്കിയും പരിചയപ്പെടുന്നത്. വൈകാരികമായി എന്നെ പാടേ തകർത്തു കളഞ്ഞൊരു പ്രണയതകർച്ചയിൽ നിന്ന് രക്ഷപ്പെടാനായാണ് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം ഞാൻ ആ ഡേറ്റിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്തത്. കാർത്തിക എന്ന വ്യാജ യൂസർ ഐഡിയിലൂടെ പലരോടും സംസാരിച്ചെങ്കിലും അന്നത്തെ എന്റെ ഹൃദയവ്യഥയ്ക്കൊരാശ്വാസം കിട്ടിയില്ല.
