കാക്കത്തമ്പായി വന്ന് കാര്യം പറഞ്ഞതും വേണുഗോപാലൻ അമ്മിണിപ്പിള്ളയുടെ വളപ്പ് ചാടി ചേപ്പനപ്പറമ്പിലേക്കോടി. ഒന്നെങ്കിൽ അവൻ അല്ലെങ്കിൽ ഞാൻ, രണ്ടാലൊന്ന് തീരുമാനിച്ചിട്ടേ ഇനിയൊരു മടക്കമുള്ളുവെന്ന് തീരുമാനിച്ചുറപ്പിച്ചതായിരുന്നു ആ ഓട്ടം. പോകും വഴി തുടയിലുരഞ്ഞ ശീമപ്പത്തലുകൾ കൈകളിൽ പിഴുതെടുത്ത് ശിങ്കാരി ഓമനയുടെ മുള്ളുവേലിയും തകർത്ത് അയാൾ മുന്നോട്ടു നീങ്ങി. അതിർത്തിവേലികളിൽ മകുടം ചൂടിയ കൃഷ്ണകിരീടങ്ങൾ അയാളുടെ വൃഷണങ്ങളിൽ ഉരഞ്ഞൊടിഞ്ഞ് കൂപ്പുകുത്തി. അട്ടകളും ആനച്ചൊറിയണവും ആമക്കുരുടികളും നിറഞ്ഞ തീട്ടപ്പറമ്പുകളും ചവിട്ടിയരച്ചയാൾ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു. പെരുവിരൽ വണ്ണത്തിലെ പൊളയൻ നീർക്കോലികളും ചെട്ടിക്കുളത്തിൽ നിന്നും കരയ്ക്കലേക്ക് വിരുന്നെത്തുന്ന പൊണ്ണൻ തവളകളും അയാളുടെ പാദസ്പർശമേറ്റ് പരലോകം പൂകി. ചെളിപ്പാടും ചോരപ്പാടും നിറഞ്ഞ പൂശാരിക്കണ്ടത്തിൽ പതിഞ്ഞ തന്റെ കാലടയാളങ്ങൾ ഇന്നത്തോടെ ചരിത്രമായി മാറുമെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു.
അല്ലെങ്കിൽ ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാൻ കുഞ്ഞിപ്പാലു വിചാരിക്കണം. അതിനയാൾ കൊന്നാലും സമ്മതിക്കില്ല. പതിറ്റാണ്ടുകളായി നട്ടുനനച്ചുയർത്തിയ പകയുടെ മഹാവൃക്ഷത്തെ കൂമ്പുനുള്ളി കുരുടടയ്ക്കുന്നതും ക്ഷമയുടെ തുരിശു പൊത്തി വന്ധീകരിക്കുന്നതും സ്വപ്നം കണ്ടാലും ആത്മാഹുതി ചെയ്യാൻ മടിക്കാത്തയാളാണ് കുഞ്ഞിപ്പാലു. അങ്ങനെയൊരവസ്ഥ വന്നപ്പോഴാണ് അയാൾ വേണുഗോപാലന്റെ അച്ഛനെ ദാക്ഷിണ്യമില്ലാതെ ഉറയൊഴിച്ച് കൊന്നത്. പരാഗണകുമാരൻ ഇടത്തെ കൈ ചവിട്ടിപ്പിടിച്ചു. ചൊക്കറക്കണ്ണൻ മാതു വലത്തെ കൈയിൽ കോമ്പല്ലാഴ്ത്തി. കുഞ്ഞിപ്പാലുവാണ് കീഴ്ത്താടി വലിച്ചു പിടിച്ച് വെള്ളം ചേർത്ത് വ്യഭിചരിക്കാത്ത ഒന്നാന്തരം ആസിഡ് വായിലേക്കൊഴിച്ചത്. അന്നനാളം വഴിയൊരു കൊള്ളിയാൻ ഉരുമ്മിയിറങ്ങുന്നതിന്റെ എല്ലാ നീറ്റലും ആമാശയത്തിലൂടെ മലദ്വാരം വഴി പുറംതള്ളിയാണ് വേണുഗോപാലന്റെ അച്ഛൻ കൂടോത്രം നാണു ദിവംഗതനായത്. അവനവന്റെ ഉടൽ കഴിച്ച് ഇല്ലാതാവുന്ന ഒരു യവനസർപ്പത്തിന്റെ കഥ പറഞ്ഞാണ് പിന്നീട് കൂട്ടുകാർ വേണുവിനെ ആജീവനാന്തം കളിയാക്കിയത്. അതോർക്കുമ്പോൾ ഇപ്പോഴും അണ്ണാക്കിൽ പുളിച്ചുതികട്ടി ഓക്കാനം വരും.
അന്നങ്ങനെ വന്നില്ലായിരുന്നെങ്കിൽ ചേപ്പനപ്പറമ്പ് ഇപ്പോഴും വേണുഗോപാലന്റെ മൂലധനമായി കയ്യിലിരുന്നേനെ. തൊണ്ട കരിഞ്ഞ് അന്നനാളം വഴി സമാധിയായവന്റെ കൈപ്പത്തിയിൽ മഷി പുരട്ടിയാണ് അവമ്മാര് പത്രത്തിൽ ഒപ്പിട്ടു വാങ്ങിയതെന്ന് തെളിയിക്കാൻ ഇനി നാണുവിന്റെ കൂടോത്രക്കുടത്തിലെ മുഴുവൻ യക്ഷിപ്പണ്ടാരങ്ങളെയും പുറത്തെടുത്താലും കോടതിയിൽ വിലപ്പോവില്ല. ചത്തവന്റെ അടയാളങ്ങൾക്ക് ജീവിച്ചിരിക്കുന്നവനേക്കാൾ വിലയുണ്ട്. മഷി പെരണ്ടാൽ പെരണ്ടതാണ്.
