സമകാലിക അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയയായ മിസ്റ്ററി-ത്രില്ലർ എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ജിലിയൻ ഫ്ലിൻ (Gillian Flynn) എഴുതിയ, ആഗോളതലത്തിൽ വൻ ജനപ്രീതി നേടിയ ഒരു സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് ‘ഗോൺ ഗേൾ’ (Gone Girl).
ദാമ്പത്യബന്ധങ്ങളിലെ വഞ്ചന, മാധ്യമങ്ങളുടെ സ്വാധീനം, മനുഷ്യരൂപത്തിലെ കപടമുഖങ്ങൾ എന്നിവയെല്ലാം വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഒരു മിസ്റ്ററി നോവലാണിത്. ലോകസാഹിത്യത്തിലെ മികച്ച പല കൃതികളും മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തിയിട്ടുള്ള ‘ജോണി എം. എൽ.’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഈ കൃതി ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു.
മനുഷ്യമനസ്സിന്റെ ഇരുണ്ട വശങ്ങളെയും, പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളുടെ സങ്കീർണ്ണമായ മാനസികാവസ്ഥകളെയും വളരെ സ്വാഭാവികമായും ഭയപ്പെടുത്തുന്ന രീതിയിലും അവതരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഴുത്തുകാരിയുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് 2012-ൽ പുറത്തിറങ്ങിയ ‘ഗോൺ ഗേൾ’. ഈ ജനപ്രിയ നോവൽ 2014-ൽ കഥാകാരിയുടെ തന്നെ തിരക്കഥയിൽ സിനിമയാവുകയും ചെയ്തിട്ടുണ്ട്.
