ചില ചോദ്യങ്ങൾ വർഷങ്ങളോളം ഉത്തരമില്ലാതെ കിടക്കും. പക്ഷേ ഒരു ദിവസം അവ തന്നെ നമ്മളെ അന്വേഷിച്ചെത്തും. കാലം കടന്നുപോയാലും ചില മുഖങ്ങളും ചില കാഴ്ചകളും മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല. തറവാട്ടിലെ കോണിക്കൂട്ടിൽ നിന്ന് സിഗരറ്റിന്റെ പുക പതിയെ ഉയർന്നു. കട്ടിലിന്റെ അരികിലിരുന്ന വലിയച്ഛൻ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ ചിരിക്കുന്നു. ചിലപ്പോൾ തലയാട്ടുന്നു. ചിലപ്പോൾ എന്തോ ശ്രദ്ധിച്ചുകേൾക്കുന്നപോലെ നിശ്ശബ്ദനാകുന്നു. പക്ഷേ അവിടെ മറ്റാരുമുണ്ടായിരുന്നില്ല. ആ കാഴ്ച മായയ്ക്ക് പുതിയതായിരുന്നില്ല. എന്നിട്ടും ഓരോ തവണ അത് കാണുമ്പോഴും അവളുടെ മനസ്സിൽ ഒരേ ചോദ്യം മാത്രം ഉയരും. ആ ചോദ്യത്തിനുള്ള ഉത്തരം തേടേണ്ട സമയം അതിക്രമിച്ചുവെന്ന് അവൾക്ക് തോന്നി. ഇടനാഴിയിലൂടെ നടന്ന് അടുക്കളയിലെത്തിയ മായ, പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ചെറിയമ്മയുടെ മുന്നിൽ ചെന്ന് നിന്നു.
"വല്യച്ഛന്റെ അസുഖം എന്ന് തുടങ്ങിയതാ ചെറിയമ്മേ..."അവൾ ചോദിച്ചു.
"എന്താ അത് അറിഞ്ഞിട്ട്?"
