കണ്ണാടി കാണുമ്പോൾ
ഉണ്മ, അഭേദം, ഉൾപ്രപഞ്ചം
എഴുതപ്പെടാത്ത വിപ്ലവങ്ങൾ.
ഇടതിനെ വലതാക്കിയും
വലതിനെ ഇടതാക്കിയും
മാറ്റുന്ന വിരുതിൽ
ചങ്ങാതിമാർ ഇല്ലാതെയായി
ഉള്ളതൊരു
സ്വകാര്യ പ്രതിബിംബലോകം മാത്രം.
ചുമരിൽ
അലമാരയിൽ
ബാങ്ക് ലോക്കറിൽ
ബ്യൂട്ടിപാർലറിൽ
ഇണയുടെ കണ്ണടച്ചില്ലിൽ
അമ്മേടെ പേഴ്സിനുള്ളിൽ
വിശ്വാസത്തിൽ
അവയിലൊക്കെ ഞാൻ പതിപ്പിച്ച കണ്ണാടികളിൽ
തത്ത്വമസി എന്ന് മാത്രം വായിച്ചു
അവയിലൊക്കെ എന്നെ മാത്രം കണ്ടു
എൻ്റെ ചുണ്ടുകൾ, കണ്ണുകൾ
മൂക്ക്, നരച്ച തലമുടി
കഷണ്ടി കയറിയ നെറ്റി
തെറ്റിയ ഞൊറികൾ
ഭയം, വൈരൂപ്യം, അപൂർണ്ണത.
ഞാനെത്ര നിറഞ്ഞിട്ടും
തുളുമ്പാൻ ബാക്കിനിന്ന
എൻ്റെ വാക്കുകൾ
പദവികൾ
വീട്, കാറ്, ആഭരണങ്ങൾ,
ബാധ്യതകൾ, പ്രേമം.
മടുപ്പ്.
ലോകം കോഴിയെങ്കിൽ
മുഖത്ത് കാണാം പരുന്തിനെ
ലോകം കാടെങ്കിൽ
മുഖത്ത് കാണാം വസന്തം
ലോകം തടവറയെങ്കിൽ
മുഖത്ത് കാണാം അഴിനിഴലുകൾ.
കണ്ണാടിയോട് ചോദിച്ചു:
എന്തു ചെയ്തു
സ്വന്തം മുഖം കണ്ടതല്ലാതെ?
എന്തു നേടി
വെറുമൊരു പ്രതിച്ഛായയല്ലാതെ?
