ഇടവപ്പാതിക്ക് മുന്നോടിയായി നാടുമുഴുവൻ കഴുകി വൃത്തിയാക്കാനെത്താറുള്ള വേനൽമഴയുടെ വരവറിയിക്കാനെന്നോണം പഞ്ഞിമേഘങ്ങൾ നിറയെ വെള്ളം തിടംവെച്ചു. മേഘകൂട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ആദ്യ വെള്ളത്തുള്ളി പിടിവിട്ട് തുരുത്തിലേക്ക് വഴുതി വീണു. തണുത്ത കാറ്റും മഴയുടെ ഹുങ്കാരവും കല്യാണിക്കുട്ടിയെ ഓർമ്മകളിലേക്ക് മൂക്കുകയറും പിടിച്ച് നടത്തി.'വീണ്ടും ഒരു വേനൽമഴ! അപ്പോൾ ഒരു കൊല്ലം തികഞ്ഞിട്ടുണ്ടാവണം. കൃത്യമായും കഴിഞ്ഞ വർഷത്തെ ആദ്യ വേനൽമഴക്കാലത്താണ് എല്ലാം മാറിമറിഞ്ഞത്.' കല്യാണിക്കുട്ടി തന്റെ പുറത്ത് പതിച്ച മഴത്തുള്ളിയുടെ തണുപ്പിനെ ഉള്ളിലേക്ക് പടർത്തി.
അന്ന് തിരികെ പോകാൻ മടിച്ച വേനൽമഴ, തുടർച്ചയായി നാലു രാവുകളും നാലു പകലുകളും തുരുത്തിലും ചുറ്റുവട്ടത്തും തന്നെ തട്ടീംമുട്ടീം നിന്നു. ആ നാലുദിവസങ്ങളിലും പുറത്തിറങ്ങാനാവാത്തതിനാലായിരിക്കും ശരീരത്തിനൊരു ഉന്മേഷവും തോന്നാത്തതെന്നാണ് നനഞ്ഞുകുതിർന്ന പറമ്പും പാടവും നോക്കി, ഉള്ളിൽ നിറയുന്ന വിഷാദത്തിൻ്റെ കുറ്റിക്കുചുറ്റും കറങ്ങവേ കല്യാണിക്കുട്ടിക്ക് തോന്നിയത്. പെട്ടെന്നാണവൾക്ക് വയറിനകത്തൊരു ചൂട് അനുഭവപ്പെടാൻ തുടങ്ങിയത്. പിൻകാലുകൾക്കിടയിൽ നനവൂറിയതോടെ ഇത്തവണയും താൻ ഗർഭിണിയല്ലെന്ന് ഞെട്ടലോടെയവൾ തിരിച്ചറിഞ്ഞു. ഉള്ളിലെ സങ്കടം കനത്തു. ‘ഇത്തവണയും താൻ ഗർഭിണിയായില്ലെന്ന് മറ്റുള്ളവർ അറിഞ്ഞാൽ…’ കല്യാണിക്കുട്ടി പേടികൊണ്ടും സങ്കടം കൊണ്ടും വിറച്ചു.
“പ്ലീസ് അച്ഛാ… ഇത്തവണ കൂടി… ഇത്തവണ അവൾ ഗർഭിണിയാകും. എനിക്ക് ഉറപ്പാണ്. പ്ലീസ്…”
