സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. പള്ളിവാതിലിൽ ആരോ തുരുതുരാ മുട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടാണ് സേവ്യറച്ചൻ ഉണർന്നത്. വാതിൽ തുറന്നപ്പോൾ പുറത്താരുമില്ല.
കുന്നിൻമുകളിലായിരുന്നു പള്ളി. പഴയൊരു കരിങ്കൽക്കെട്ടിടം. ഒരു പിരമിഡിൻ്റെ നിഴലുപോലെ ഇരുട്ടിൽ ആകാശത്തേക്കുയർന്നു നിൽക്കുന്നു. കുന്നിനു താഴെ ചുള്ളിയോട്ടെ കുടിലുകളിൽ ഭൂമിയിലെ നക്ഷത്രങ്ങളെപ്പോലെ മണ്ണെണ്ണവിളക്കുകളെരിയുന്നു. പഴയക്കൂർമാളിയേൽ മാത്രം വൈദ്യുതിവെളിച്ചമുണ്ട്.
വീശിയടിച്ചൊരു കാറ്റിൽ വൈദ്യുതി നിലച്ചു. മാളിക വീടും ഇരുട്ടിൽ മുങ്ങി. കുടിലുകളിലെ മണ്ണെണ്ണവിളക്കുകളുമണഞ്ഞു. എങ്ങും കൂരിരുട്ടായി. അകലെയൊരു നായ ഓരിയിട്ടു. അതിനു പുറകെ മറ്റൊന്ന്. അങ്ങനെയത് അകലെനിന്ന് അരികിലെത്തുന്നതു പോലെ സേവ്യറച്ചന് തോന്നി. സെമിത്തേരിക്കുള്ളിലേക്ക് ഭാരമുള്ളതെന്തോ ഒച്ചയോടെ വന്നു വീണു.
അച്ചൻ സെമിത്തേരിക്കരികിലേക്ക് നടന്നു. അശുഭമായതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് അയാളുടെ മനസ്സ് പറഞ്ഞു. ഇരുൾമൂടിയ സെമിത്തേരിയിൽ ഉയർന്നു നിൽക്കുന്ന കല്ലറകൾ. ഒരു കല്ലറയുടെ മുകളിൽ, നാലു കൂമൻകണ്ണുകൾ തിളങ്ങി. മതിലനപ്പുറത്തുള്ള തെമ്മാടിക്കുഴിയുടെ ഭാഗത്തേക്ക് ഒരെണ്ണം ഒച്ചയുണ്ടാക്കിക്കൊണ്ടു പറന്നുപോയി. മരച്ചില്ലകളിൽ മഴ മുത്തമിട്ടടുത്തുവരുന്നുണ്ടായിരുന്നു.
